സ്വന്തംലേഖകന്‍
കോഴിക്കോട്: ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്ട്രേറ്ററുടെ കരിനിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ സ്കൂളികളിലെ അധ്യാപകരുടെ ഒഴിവുകള്‍ നികത്തുന്നതിനായുള്ള നടപടികള്‍ നിര്‍ത്തി.
ദ്വീപിലെ ചെത്തിലത്തില് നൂറുകണക്കിന് വിദ്യാര്‍ഥികളുടെ ആശ്രയകേന്ദ്രമായ എ.പി.ജെ. അബ്ദുല്‍ കലാം മെമ്മോറിയല്‍ സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആവശ്യത്തിന് പോലും അധ്യാപകരില്ലാത്ത സ്ഥിതിയാണുള്ളത്.
250 ലധികം വിദ്യാര്‍ഥികളാണ് ഇവിടുത്തെ സ്കൂളില്‍ പഠിക്കുന്നത്. 15 ഓളം അധ്യാപകരുടെ ഒഴിവുകളാണ് ഇവിടെയുള്ളത്.
ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ്, അറബിക്, കെമിസ്ട്രി, ഫിസിക്കല്‍ എജ്യൂക്കേഷന്‍ , പിഎസ്ടി , ഡ്രോയിംഗ്, സിസിടി, പിഎസ്ടി (ജെബിഎസ്), പിഎസ്ടി (ഹിന്ദി) തുടങ്ങിയ വിഭാഗങ്ങളിലായി മാസങ്ങളായി അധ്യാപകരില്ല. നേരത്തെയുണ്ടായിരുന്നവര്‍ സ്ഥലം മാറി പോയതിനെത്തുടര്‍ന്നാണ് ഒഴിവുകള്‍ വന്നത്.
എന്നാല്‍ പുതിയ അധ്യാപകരെ നിയമിക്കാന്‍ അഡ്മിന്ട്രേഷന് തയാറായിട്ടില്ല. രണ്ടു മാസമായി ക്ലാസുകള്‍ ആരംഭിച്ചെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ കൃത്യമായ ക്ലാസുകള്‍ നടക്കുന്നില്ല.
ഓണ്‍ലൈന്‍ ക്ലാസുകളായിട്ടുപോലും യഥാസമയം ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അധ്യാപകരുടെ കുറവ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
ഇതോടെ വിദ്യാര്‍ഥികളുടെ ഭാവിയും അനിശ്ചിതത്തിലായി. ഒഴിവുള്ള തസ്തികകളിലേക്ക് അധ്യാപകരെ അടിയന്തരമായി നിയമിച്ച് പ്രതിസന്ധി പരിഹരിക്കണമെന്നാണ് സംയുക്ത ജനകീയ മുന്നണി (ലക്ഷദ്വീപ്)യുടെ ആവശ്യം. ഇക്കാര്യം ആവശപ്പെട്ട് സംയുക്ത മുന്നണി അഡ്മിനിസ്ട്രേറ്റര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.