ഇരിട്ടി: ആറളം പയോറ ഏച്ചില്ലത്ത വീട്ടമ്മയെ വീട്ടിനുള്ളില്‍ വെട്ടേറ്റും മര്‍ദനമേറ്റ പരിക്കുകളോടെയും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. അക്രമി ആരെന്ന കാര്യത്തിൽ വെട്ടേറ്റ വീട്ടമ്മയ്ക്ക് അറിയാമെന്ന നിഗമനത്തിലാണ് പോലീസ്.
ഏച്ചിലത്തെ കുന്നുമ്മല്‍ രാധയ്ക്കാണ് (58) പരിക്കേറ്റത്. ഇവരെ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഞായറാഴ്ച്ച രാത്രി ഒൻപതോടെയായിരുന്നു സംഭവമെന്ന് കരുതുന്നു. ചെവി വെട്ടേറ്റ് മുറിഞ്ഞ് തൂങ്ങിയ നിലയിലും താടിയെല്ലിന് ഇരുഭാഗത്തും ക്ഷതമേറ്റ് പൊട്ടലും ഉണ്ടായി. ട
കാലിന് ആഴത്തിലുള്ള മുറിവേറ്റ നിലയിലുമാണ്. പരിക്കേറ്റ രാധയുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടി എത്തുകയായിരുന്നു. ഇവര്‍ വീട്ടില്‍ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നത്. ഒപ്പം താമസിക്കുന്ന സഹോദരി കണ്ണൂരില്‍ ജോലിക്ക് പോയിരിക്കുകയായിരുന്നു. രാധയുടെ ഏക മകള്‍ ഭര്‍തൃവീട്ടിലുമാണ് താമസം.
വെട്ടേറ്റ നിലയിലും മര്ദനമേറ്റനിലയിലുമാണ് പരിക്കുകള്‍ എങ്കിലും വീണ് പരിക്കേറ്റതാണെന്നാണ് രാധ സമീപ വാസികളോട് പറഞ്ഞിരിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആറളം പോലീസിനോട് മോഷ്ടാവാണ് അക്രമിച്ചതെന്നും കഴുത്തിലും കാതിലുമുള്ള സ്വര്‍ണാഭരണങ്ങള്‍ കവരുന്നത് ചെറുക്കുമ്പോഴാണ് ആക്രമിച്ചതെന്നാണ് ഇവര്‍ നല്കിയ നല്കിയ മൊഴി .
വീട്ടില്‍ മോഷണം നടന്നിട്ടില്ലെന്നും അക്രമിച്ച ആളെ സ്ത്രീക്ക് തിരിച്ചറിയാമെന്നുമാണ് പോലീസ് കരുതുന്നത്. അതുകൊണ്ട് തന്നെ ചികിത്സ യിൽ കഴിയുന്ന രാധയെ പോലീസ് മൂന്നാമത്തെ തവണ വീണ്ടും ചോദ്യം ചെയ്യും. പോലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തിട്ടുള്ള യുവാവുമായും അല്ലാതെയും പോലീസ് പരിയാരത്ത് എത്തി ചോദ്യം ചെയ്തെങ്കിലും രാധ ആക്രമിയെ അറിയില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്.
പരിക്ക് ഗുരുതരമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതിനാല്‍ പോലീസിന് കൂടുതല്‍ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഇരിട്ടി ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ ആറളം പോലീസ് ഇന്‍സ്പെക്ടര്‍ അരുണ്‍ദാസ്, പ്രിന്‍സിപ്പല്‍ എസ്ഐ ശ്രീജേഷ്, അഡീഷണൽ എസ്ഐ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. കണ്ണൂരില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവു ശേഖരിച്ചിട്ടുണ്ട്.