കെ.ഷിന്റുലാല്‍
കോഴിക്കോട് : മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ സ്വകാര്യത കവര്‍ന്നെടുക്കുന്നതിന് ‘എനി ഡസ്ക് ആപ്പ്്’വഴി സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ ഓപ്പറേഷന്. എനി ഡസ്ക് ആപ്പ് വഴി സാമ്പത്തിക തട്ടിപ്പുകളാണ് ലക്ഷ്യമിടുന്നത്.
അതേസമയം മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ സ്വകാര്യതവരെ ഇത്തരം ആപ്പുകള്‍ വഴി ചോര്‍ത്താന്‍ സാധിക്കുന്നുണ്ടെന്നും ഇതുവഴി ബ്ലാക്ക്മെയിലിംഗ് ഉള്‍പ്പെടെ നടത്താനുള്ള സാധ്യതകള്‍ ഏറെയാണെന്നും പോലീസ് വ്യക്തമാക്കി.
അടുത്തിടെ നടന്ന രണ്ട് സാമ്പത്തിക തട്ടിപ്പുകേസുകളുടെ അന്വേഷണത്തിലൂടെയാണ് എനി ഡസ്ക് ആപ്പ് വഴി സൈബര്‍ തട്ടിപ്പ് സംഘം കൂടുതല്‍ പേരെ കെണിയിലാക്കാനുള്ള സാധ്യത സൈബര്‍ പോലീസിന് ബോധ്യമായത്.
രണ്ടു വര്‍ഷം മുമ്പ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും എനി ഡസ്ക് ആപ്പിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പായിരുന്നു ആര്‍ബിഐ നല്‍കിയിരുന്നതെങ്കിലും മറ്റു സ്വകാര്യതകള്‍ കവര്‍ന്നെടുക്കാനും ഈ ആപ്പുകള്‍ക്ക് വഴി സാധിക്കും.
സാമ്പത്തിക തട്ടിപ്പ്
കോഴിക്കോട് സ്വദേശിയുടെ 99,000 രൂപ നഷ്ടപ്പെട്ട പരാതിയില്‍ സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് എനി ഡസ്ക് ആപ്പ് വഴിയുള്ള തട്ടിപ്പാണെന്ന് വ്യക്തമായത്.
ഭാര്യയുടെ പേരിലുള്ള സിംകാര്‍ഡ് മറ്റൊരു മൊബൈല്‍ കമ്പനിയിലേക്ക് (പോര്‍ട്ട് ചെയ്യല്‍) മാറ്റുന്നതിനിടെയാണ് പ്രത്യേക ലിങ്ക് വഴി എനി ഡസ്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. കസ്റ്റമർകെയർ എന്ന വ്യാജേന അതിന് ശേഷം ഒരു ലിങ്ക് മൊബൈല്‍ ഫോണില്‍ എത്തിയിട്ടുണ്ടെന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ഇതിനിടയില്‍ ഒടിപി നമ്പര്‍ ഫോണില്‍ വരികയും അത് കസ്റ്റമര്‍ കെയര്‍ എന്ന പേരില്‍ ഫോണ്‍ ചെയ്തയാള്‍ക്ക് നല്‍കുകയും ചെയ്തു. ഇതിന് ശേഷം 10 രൂപയുടെ റീചാര്‍ജ് ചെയ്യാനും ആവശ്യപ്പെട്ടു.
ഇപ്രകാരം എടിഎം കാര്‍ഡ് ഉപയോഗിച്ച് റീചാര്‍ജ്ജ് ചെയ്തു. റീചാര്‍ജ് ചെയ്ത തുക ഫോണില്‍ കയറുകയും ചെയ്തു. പിന്നീട് അല്പസമയത്തിന് ശേഷമാണ് 99,000 രൂപ അക്കൗണ്ടില്‍ നിന്ന് നഷ്ടമായത്. സമാനമായ രീതിയില്‍ മുമ്പും 99,000 രൂപ നഷ്ടപ്പെട്ടത് സംബന്ധിച്ച പരാതി സൈബര്‍ പോലീസില്‍ ലഭിച്ചിരുന്നു.
എനി ഡസ്ക് ഓപ്പറേഷന്
മൊബൈല്‍ ഫോണിന്റെ ഡസ്ക്ടോപ്പ് മറ്റൊരിടത്ത് കാണുന്നതിനും അതുവഴി ഫോണ്‍ റിപ്പയര്‍ ചെയ്യാനും ഫോണിലെ ഫോട്ടോയും വീഡിയോയും മറ്റും കാണുന്നതിനുമാണ് എനി ഡസ്ക് ആപ്പ് ഉപയോഗിക്കുന്നത്.
രണ്ട് ഫോണുകള്‍ തമ്മില്‍ ലിങ്ക് ചെയ്താല്‍ മാത്രമേ എനി ഡസ്ക് ആപ്പ് വഴി ഒരു ഫോണിലെ വിവരങ്ങള്‍ മുഴുവന്‍ മറ്റൊരിടത്ത് നിന്ന് കാണാന്‍ സാധിക്കുകയുള്ളൂ. തട്ടിപ്പ് സംഘങ്ങള്‍ വിവിധ സാഹചര്യങ്ങളില്‍ ലിങ്കുകള്‍ വഴി എനി ഡസ്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുകയും മൊബൈലില്‍ എത്തിയ കോഡുകള്‍ പങ്കുവയ്ക്കാനും പറയും.
ഇപ്രകാരം കോഡുകള്‍ പങ്ക് വയ്ച്ചാല്‍ പിന്നീട് ഫോണിലെ വിവരങ്ങള്‍ മുഴുവന്‍ അപ്പുറത്തുള്ളവര്‍ക്ക് കാണാനും ഉപയോഗിക്കാനും പറ്റും.ഇപ്രകാരം എനി ഡസ്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് കോഡ് പങ്കുവച്ചതിലൂടെയാണ് അക്കൗണ്ടില്‍ നിന്നുള്ള പണം നഷ്ടമായത്.
റീചാര്‍ജ് ചെയ്യാനായി എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ പിന്‍നമ്പറും എടിഎം കാര്‍ഡിന്റെ കാലവധിയും സിവിവി നമ്പറുമെല്ലാം തട്ടിപ്പുകാര്‍ മനസിലാക്കുകയും അവ ഉപയോഗിച്ച് പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാനും കഴിയും. ഇങ്ങനെയാണ് പണം തട്ടിയെടുത്തത്.
സ്വകാര്യതയും നഷ്ടമാവും !
മൊബൈല്‍ ഫോണിലൂടെ സ്ക്രീന്‍ മിററിംഗിനുള്ള കോഡുകള്‍ അറിയാതെ പങ്കുവയ്ക്കുകയാണെങ്കില്‍ ആ ഫോണ്‍ ഓപ്പറേറ്റ് ചെയ്യാനും തട്ടിപ്പുകാര്‍ക്ക് സാധിക്കും. ഫോണിന്റെ കാമറ ഓണാക്കാനും അതുവഴി എല്ലാ ദൃശ്യങ്ങളും പകര്‍ത്താനും തട്ടിപ്പുകാര്‍ക്ക് കഴിയും.
മൊബൈല്‍ ഉപയോഗിക്കുന്നവര്‍ അറിയാതെയാണ് കാമറ എല്ലാ ദൃശ്യങ്ങളും പകര്‍ത്തുന്നത്. പിന്നീട് ഇത്തരത്തില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സഹിതം ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടിയെടുക്കാനുള്ള സാധ്യതയും ഏറെയാണെന്ന് സൈബര്‍ പോലീസ് പറയുന്നു.
സൂക്ഷിക്കണമെന്ന്ആര്ബിഐ
ബാങ്കുകളും പണമിടപാടു സ്ഥാപനങ്ങളും ഈ ആപ്പിനെ സൂക്ഷിക്കണമെന്നാണ് ആര്‍ബിഐ നേരത്തെ തന്നെ വ്യക്തമാക്കിയത്. ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ കവരാന്‍ ഈ ആപ്പിലൂടെ തട്ടിപ്പുകാര്‍ ശ്രമിക്കുന്നുണ്ട്.
ഉപയോക്താവില്‍ നിന്ന് വേണ്ടത്ര പെര്‍മിഷന്‍സ് ലഭിച്ചുകഴിഞ്ഞാല്‍ എനി ഡെസ്ക് സ്വകാര്യ ഡേറ്റയിലേക്കു കടന്നു കയറി യൂണിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫെയ്സ് (യുപിഐ) ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ആപ്പുകളിലൂടെ പണം കവരാമെന്നാണ് പറയുന്നത്.
ബാങ്കുകളെയും തട്ടിപ്പുകാര്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്. പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോസ്മോസ് ബാങ്കില്‍ നിന്ന് 940 ദശലക്ഷം രൂപയാണ് രണ്ട് വര്‍ഷം മുമ്പ് തട്ടിയെടുത്തതത്.
റൂപേ , വീസാ കാര്‍ഡുകള്‍ ക്ലോണ്‍ ചെയ്താണ് ഈ തട്ടിപ്പു നടത്തിയത്. നോട്ടു നിരോധനത്തിനു ശേഷം ഡിജിറ്റല്‍ വോലറ്റുകളെയും ഓണ്‍ലൈന്‍ പണമിടപാടുകളെയും ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് തട്ടിപ്പുകളും വര്‍ധിക്കുന്നത്.