ജിജി ലൂക്കോസ്
തിരുവനന്തപുരം: ഫോണ്‍വിളി സംഭവത്തിൽ കുരുങ്ങിയ വനം മന്ത്രി എ.കെ. ശശീന്ദ്രനെ പുറത്താക്കണമെന്ന് ആവശ്യത്തിൽ നാളെ തുടങ്ങുന്ന നിയമസഭ സമ്മേളനം സ്തംഭിപ്പിക്കാൻ പ്രതിപക്ഷത്തിന്റെ നീക്കം.
നിയമസഭയ്ക്ക് അകത്തും പുറത്തും മന്ത്രിയുടെ രാജി ആവശ്യം ഉന്നയിച്ച് പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പീഡനശ്രമ പരാതി ഒത്തുതീർക്കാൻ ഇടപെട്ട മന്ത്രി രാജിവെച്ചില്ലെങ്കിൽ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ത്രീപക്ഷ വിഷയങ്ങൾ ചർച്ചയായിരിക്കേ മന്ത്രിയുടെ രണ്ടാമത്തെ വിവാദ ഫോണ്‍വിളി വല്ലാത്ത കുരുക്കാണുണ്ടാക്കിയിരിക്കുന്നതെന്നു ഭരണപക്ഷവും ചൂണ്ടിക്കാട്ടുന്നു.
സ്ത്രീ സുരക്ഷയും അടുത്ത കാലത്തായി ഉയർന്ന സ്ത്രീപീഡന വിഷയങ്ങളും ഉന്നയിച്ച് സർക്കാരിനെതിരേ പ്രതിപക്ഷം കടന്നാക്രമണം നടത്താനിരിക്കേയാണ് സ്ത്രീപീഡനശ്രമം എന്ന പരാതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രി ശശീന്ദ്രൻ വീണ്ടും കുടുങ്ങിയത്.
കൊല്ലം കുണ്ടറയിൽ യുവതി അപമാനിക്കപ്പെട്ട വിഷയത്തിൽ ഇടപെട്ട മന്ത്രി, പ്രാദേശിക എൻസിപി നേതാവ് കൂടിയായ യുവതിയുടെ പിതാവിനെ ഫോണിൽ വിളിച്ച് കേസ് ഒത്തുതീർക്കാൻ നിർദേശിച്ചതാണ് വിവാദമായത്. എൻസിപി സംസ്ഥാന എക്സിക്യുട്ടീവ് അംഗമായ ജി. പത്മാകരനെതിരായ പരാതിയിലായിരുന്നു മന്ത്രിയുടെ ഇടപെടൽ.
ഫോണ്‍വിളി സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ മന്ത്രി ശശീന്ദ്രൻ മുഖ്യമന്ത്രിക്കും പാർട്ടി നേതാക്കൾക്കും മുന്‍പാകെ വിശദീകരണം നൽകിയിരുന്നു. എന്നാൽ, മന്ത്രിയുടെ ഇടപെടലിൽ ഉന്നയിച്ച ആരോപണങ്ങൾ തള്ളാനും കൊള്ളാനും സർക്കാരിനും ഇടത് മുന്നണിക്കുമായിട്ടില്ല.
പാർട്ടി നേതാവിനു വേണ്ട ി ഇടപെട്ടെങ്കിലും സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട വിഷയമാണെന്നു തനിക്കറിയില്ലെന്നാണ് മന്ത്രി പറയുന്നത്. എൻസിപിയിലെ തർക്കവും പാർട്ടിയിൽ ചിലർക്കുള്ള വൈരവുമാണ് സംഭാഷണം റെക്കോർഡ് ചെയ്ത് തനിക്കെതിരേ ഉപയോഗിച്ചെന്നും മന്ത്രി ശശീന്ദ്രൻ മുഖ്യമന്ത്രിയോടു വിശദീകരിച്ചിരുന്നു.
എന്നാൽ, മന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇത്തരമൊരു ആരോപണം ശ്രദ്ധയിൽ പെട്ടാൽ പരാതിക്കാരിക്ക് സംരക്ഷണം ഒരുക്കുന്നതിനും നിയമപരമായ നടപടികൾക്ക് സഹായം നൽകുകയായിരുന്നു ജനപ്രതിനിധിയായ മന്ത്രി ചെയ്യേണ്ടയിരുന്നത്.
സ്ത്രീ പീഡന വിഷയമാണെന്നു താനറിഞ്ഞില്ലെന്ന മന്ത്രിയുടെ വിശദീകരണം ശരിയല്ലെന്നു മന്ത്രിയുടെ ഫോണ്‍ സംഭാഷണത്തിൽ നിന്നു വ്യക്തമാണ്. ഈ സാഹചര്യത്തിൽ മന്ത്രി രാജിവയ്ക്കണമെന്നും ഇല്ലെങ്കിൽ മന്ത്രിസഭയിൽ നിന്നു പുറത്താക്കാൻ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.
മന്ത്രിയുടെ ഫോണ്‍വിളി വിവാദത്തെ കുറിച്ചു പ്രതികരിക്കാൻ എൽഡിഎഫ് നേതാക്കൾ തയാറായിട്ടില്ല. വിഷയം ആദ്യം എൻസിപി പരിശോധിക്കട്ടെയെന്നാണ് സിപിഎമ്മിന്റെ നിലപാട്. എൻസിപിയുടെ രണ്ട ാമത്തെ എംഎൽഎയായ തോമസ് കെ. തോമസ് മന്ത്രിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ടെ ങ്കിലും ശശീന്ദ്രനെതിരേ പാർട്ടിക്കുള്ളിൽ പടനീക്കം ശക്തമായതായാണ് സൂചന.
അതേസമയം, വിഷയത്തെ കുറിച്ച് അന്വേഷിക്കാൻ എൻസിപി ജനറൽ സെക്രട്ടറി മാത്യൂസ് ജോർജിന്റെ നേതൃത്വത്തിൽ ഒരു സമിതിയെ പാർട്ടി നേതൃത്വം നിയോഗിച്ചിട്ടുണ്ട ്. സമിതിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാണ് പാർട്ടിയുടെ തീരുമാനം.