കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായിലും കടുത്തുരുത്തിയിലുമുണ്ടായ തോല്‍വിയില്‍ അന്വേഷണം നടത്താന്‍ സിപിഎം ജില്ലാ കമ്മിറ്റി നിയോഗിച്ച കമ്മീഷന് അടുത്തയാഴ്ച പാലായിലും കടുത്തുരുത്തിയിലും നേരിട്ടെത്തി തെളിവെടുക്കും.
ബ്രാഞ്ച്തലം മുതലുള്ള അംഗങ്ങളെ നേരില്‍ കണ്ടാണ് കമ്മീഷന് തെളിവെടുക്കുന്നത്. ആദ്യഘട്ടമായി മണ്ഡലം കമ്മിറ്റി വിളിച്ചു ചേര്‍ക്കും.
കമ്മിറ്റിയില്‍ ഉയരുന്ന പരാതികളും മറ്റും വിശദമായി പരിശോധിക്കുന്ന കമ്മീഷന് വോട്ട് കുറഞ്ഞ മേഖലകളിലെ ബ്രാഞ്ച് സെക്രട്ടറിമാരേയും ബൂത്ത് സെക്രട്ടറിമാരേയും നേരില്‍ കാണാനാണ് തീരുമാനിച്ചിരിക്കുന്നത്.
ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളായ പ്രഫ. എം.ടി. ജോസഫ് കണ്‍വീനറും ടി.ആര്. രഘുനാഥന് അംഗവുമായ കമ്മീഷനാണ് പാലായിലെത്തുന്നത്.
ജില്ലാ സെക്രട്ടേറിയേറ്റംഗം പി.കെ. ഹരികുമാര്‍ കണ്‍വീനറും കെ.എം. രാധാകൃഷ്ണന് അംഗവുമായ കമ്മീഷനാണ് കടുത്തുരുത്തിയിലെ പരാജയം അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസം കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസക്കിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയോഗമാണ് ഇരു കമ്മീഷനുകളെയും തീരുമാനിച്ചത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷനു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പാലായില്‍ സിപിഎം വോട്ടുകള്‍ ചോര്‍ന്നെന്നും വിജയിക്കേണ്ട സീറ്റാണെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗം നേരത്തെ വിലയിരുത്തിയിരുന്നു.
കടുത്തുരുത്തിയിലും വേണ്ടത്ര ജാഗ്രത പുലര്‍ത്തിയാല്‍ വിജയിക്കാമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ കണ്ടെത്തല്‍. പരാജയം സംബന്ധിച്ചു വിശദമായ പരിശോധന നടത്താന്‍ ജില്ലാ കമ്മിറ്റിക്കു സംസ്ഥാന നേതൃത്വം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
വോട്ട് ചോർന്നില്ലെന്ന്
അതേ സമയം പാലായില്‍ സിപിഎം വോട്ട് ചോര്‍ന്നില്ലെന്ന നിലപാടിലാണ് പാലാ ഏരിയാ കമ്മിറ്റി. കേരളാ കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളിലാണ് വോട്ട് ചോര്‍ന്നതെന്ന നിലപാടിലാണ് ഏരിയാ കമ്മറ്റിക്ക്.
ഏരിയാ കമ്മിയുടെ ഈ നിലപാടിനെ ജില്ലാ കമ്മിറ്റിയും സംസ്ഥാന നേതൃത്വവും നേരത്തെ തന്നെ തള്ളിയിരുന്നു. 25,000 വോട്ടിനു ജോസ് കെ. മാണി വിജയിക്കുമെന്നാണ് പാലാ മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തിനു റിപ്പോര്‍ട്ട് നല്‍കിയത്.
പ്രദേശികമായി സ്ഥാനാര്ഥിക്കെതിരേയുണ്ടായ വികാരവും യുഡിഎഫിന്റെ നിശബ്ദ തരംഗവും മനസിലാക്കാന്‍ ഏരിയാ നേതൃത്വത്തിനു കഴിഞ്ഞില്ലെന്ന് വ്യാപക പരാതിയുണ്ട്.
പല പാര്‍ട്ടിയംഗങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തു നിന്നും വിട്ടു നിന്നും. പലരും മാണി സി. കാപ്പനു വേണ്ടി പരസ്യമായി രംഗത്തെത്തി.
തോൽക്കുമെന്നു പ്രചാരണം
ജോസ് കെ.മാണി തോല്‍ക്കുമെന്നുള്ള പ്രചാരണം വ്യാപകമായി അഴിച്ചു വിട്ടു. ഇടതു മുന്നണിയിലുണ്ടായിരുന്ന മാണി സി.കാപ്പനുമായി സിപിഎമ്മിന്റെ പല നേതാക്കളും നല്ല ബന്ധം പുലര്‍ത്തുന്നവരാണ്.
മാണി സി. കാപ്പന് ഈബന്ധം പരമാവധി മുതലെടുക്കുകയും ചെയ്തു. ഘടകകക്ഷികളായ സിപിഐയിലും വോട്ട് ചോര്‍ച്ചയുണ്ടായി.
എംഎല്‍എ എന്ന നിലയില്‍ മാണി സി. കാപ്പന് മണ്ഡലത്തില്‍ നിറഞ്ഞു നിന്നു പ്രവര്‍ത്തനം നടത്തിയതും യുഡിഎഫിനു ഗുണമായി.
സീറ്റു നല്‍കാതെ എല്‍ഡിഎഫ് പുറത്താക്കിയ നടപടി വോട്ടര്‍മാര്‍ക്കിടയിലും ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കിടയിലും വ്യാപക പ്രതിഷേധത്തിനും കാരണമായി.
കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിന്റെ വ്യക്തിപ്രഭാവം ഗുണം ചെയ്തെന്നാണ് സിപിഎം പ്രാദേശിക നേതൃത്വം പറയുന്നത്.
ഒപ്പം സ്റ്റീഫന്‍ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വം ദോഷം ചെയ്തതായും പരാതിയുണ്ട്. മറ്റൊരു സ്ഥാനാര്ഥിയായിരുന്നെങ്കില് വിജയിക്കുമായിരുന്നുവെന്നും സിപിഎം പ്രാദേശിക നേതാക്കള്‍ പറഞ്ഞു.