‘ഷൊർണൂർ : ആഫ്രിക്കൻ ഒച്ചുകളെക്കൊണ്ട് പൊറുതിമുട്ടിയ സ്ഥിതിയിലാണ് ചുവന്നഗേറ്റ് വാടാനാംകുറിശ്ശി പ്രദേശത്തുള്ളവർ.ആയിരത്തിലധികം വീടുകളിൽ വർഷങ്ങളായി ഈ പ്രശ്നം നേരിടുന്നുണ്ടെങ്കിലും പരിഹരമില്ലാതെ ഇവ തുടരുന്നു. ഷൊർണൂർ നഗരസഭയിലെ 33ാം വാർഡിലും ഓങ്ങല്ലൂർ പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശത്തുമാണ് ഈ പ്രശ്നം.
വീടിന് പുറത്തിറങ്ങാൻപോലുമാകുന്നില്ലെന്ന് ഇവർ പറയുന്നു. ഉപ്പ്, തുരിശ്, പുകയില എന്നിവ ഉപയോഗിച്ച് ഒച്ചുകളെ നശിപ്പിച്ചാണ് ഇവർ കുട്ടികളെ പുറത്തിറക്കുന്നത്.പ്രദേശത്തെ കടകൾ, വീടുകൾ, ഓഫീസുകൾ എന്നിവിടങ്ങളിലെല്ലാം ഇവയുടെ ശല്യം രൂക്ഷമാണ്.
ചുവരുകളിൽ കയറിയും കിണറുകളിൽ വീണും മുറിക്കകത്തും കട്ടിലിലുമെല്ലാം പറ്റിക്കൂടിയും ഇവ വലിയ ഭീതി പരത്തുന്നുണ്ട്.വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളാണിവിടെ കൂടുതൽ എന്നതാണ് നേരിടുന്ന മറ്റൊരു പ്രശ്നം. വേനലിൽ കാണാതാവുന്ന ഒച്ചുകൾ മഴപെയ്യുന്നതോടെ വീടുകളിലേക്കിറങ്ങും.
വളരെ അപകടകരമായ സാഹചര്യമാണ് പ്രദേശത്തുള്ളത്. ആഫ്രിക്കൻ ഒച്ചുകളുടെ സ്രവം കുട്ടികളുടെ ഭക്ഷണത്തിൽ കലർന്ന് അകത്തുചെന്നാൽ മസ്തിഷ്കജ്വരം പോലുള്ള അസുഖമുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നുണ്ട് .
കഴിഞ്ഞ കൗണ്‍സിൽ ഇവിടേക്ക് തുരിശും ഉപ്പും വിതരണം ചെയ്യാനുള്ള നടപടിയെടുത്തിരുന്നു.
സ്ഥിരമായ സംവിധാനമാണ് ഇവർക്കാവശ്യം. ആരോഗ്യവകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും ഉൾപ്പെടെ ജനപ്രതിനിധികൾക്കെല്ലാം പരാതി നൽകിയിട്ടുണ്ട്.പക്ഷേ, പരിഹാരമേതും ഇനിയുമായിട്ടില്ല. വനംവകുപ്പോ മറ്റ് വകുപ്പുകളോ ഇടപെട്ട് പരിഹാരം കാണാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് നഗരസഭാ അധ്യക്ഷൻ എം.കെ. ജയപ്രകാശ് പറഞ്ഞു.