തൊടുപുഴ: ഇടുക്കി ജലാശയത്തിൽ മീൻ പിടിക്കാൻ പോയി കാണാതായ സഹോദരങ്ങൾക്കായി തെരച്ചിൽ തുടരുന്നു.
ഇവർ പോയ വള്ളം മറിഞ്ഞ നിലയിൽ വൈരമണി മുത്തുച്ചോല വനമേഖലയോട് ചേർന്ന് ഡാമിൽ രക്ഷാ പ്രവർത്തകർ കണ്ടെത്തി. ഇവരുടെ മൊബൈൽ ഫോണുകൾ വച്ചിരുന്ന പെട്ടിയും കണ്ടെത്തി.
കുളമാവ് ചക്കിമാലി കോഴിപ്പുറത്ത് ബിജു (38) , സഹോദരൻ ബിനു (38) എന്നിവരെയാണ് ഇന്നലെ മീൻ പിടിക്കാൻ പോയി കാണാതായത്. ഇന്നലെ രാവിലെയാണ് ഇവർ ജലാശയത്തിൽ മീൻ പിടിക്കാൻ പോയത്.
എന്നാൽ രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് നാട്ടുകാരുടെയും കുളമാവ് പോലീസിന്റെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം എൻഡിആർഎഫ് ടീമും ഫയർഫോഴ്സും രാത്രി സ്ഥലത്തെത്തിയിരുന്നെങ്കിലും രാത്രി ഏറെ വൈകിയതിനാൽ തിരച്ചിൽ നടത്താൻ കഴിയാതെ മടങ്ങി.
ഇന്നു പുലർച്ചെ എൻഡിആർഎഫ്, ഫയർഫോഴ്സിന്റെ സ്കൂബാ ടീം, പോലീസ്, വനംവകുപ്പ്, റവന്യു ഉദ്യോഗസ്ഥരടങ്ങിയ സംഘം ബോട്ടിൽ ജലാശയത്തിന്റെ വിവിധ ഭാഗങ്ങളിലായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കുളമാവിൽ നിന്നും ഡാമിലൂടെ ബോട്ടിലോ വള്ളത്തിലോ കിലോമീറ്ററുകൾ സഞ്ചരിച്ചാൽ മാത്രമേ സംഭവം നടന്ന സ്ഥലത്തെത്താനാവു.
ഇന്നലെ പുലർച്ചെ 5.30 നാണ് ഇരുവരും മീൻ പിടിക്കാനായി ജലാശയത്തിൽ കെട്ടിയ വലയെടുക്കാൻ പോയത്. ഉച്ചക്ക് 12 മണിയായിട്ടും തിരിച്ചെത്താത്തതിനാൽ വീട്ടുകാർക്ക് സംശയം തോന്നി.
തുടർന്ന് ഇവരുടെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ബെല്ലടിക്കുന്നുണ്ടെങ്കിലും എടുത്തില്ല. തുടർന്നാണ് നാട്ടുകാർ പോലീസിൽ അറിയിച്ച് തിരച്ചിൽ ആരംഭിച്ചത്. വള്ളം കണ്ടെത്തിയ ഭാഗത്ത് മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.