ഇടുക്കി: ജില്ലയിൽ സിപിഎമ്മിനെ വെട്ടിലാക്കി വീട്ടമ്മയുമായി ജില്ലാ നേതാവ് നടത്തിയ പ്രണയ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായി.
സംഭവത്തിൽ ജില്ലാ നേതാവിനെതിരെ തരംതാഴ്ത്തൽ നടപടിയുമായി സിപിഎം. ജില്ലാ സെക്രട്ടറിയേറ്റംഗമായ ജില്ലയിലെ മുതിർന്ന നേതാവാണ് യുവാക്കളെ തോൽപ്പിക്കുന്ന തരത്തിൽ പാർട്ടി പ്രവർത്തകയായ വീട്ടമ്മയുമായി പ്രണയ സംഭാഷണത്തിലേർപ്പെട്ടത്.
സംഭാഷണത്തിന്റെ ശബ്ദരേഖ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. സംഭവം വിവാദമായതോടെയാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ നേതാവിനെതിരെ അടിയന്തരമായി ജില്ലാ കമ്മറ്റി ചേർന്ന് നടപടിയെടുത്തത്.
നേതാവിനെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയിരിക്കുകയാണ്. കൂടുതൽ നപടികൾ പിന്നാലെയുണ്ടാകുമെന്നാണ് സൂചന.
ജില്ലയിലെ മുൻ സഹകരണ ബാങ്ക് പ്രസിഡന്റും കോർപ്പറേഷൻ ഡയറക്ടർ ബോർഡ് മെംബറുമായിരുന്ന നേതാവിനെതിരെയാണ് നടപടി. അടുത്ത ജില്ലാ സെക്രട്ടറിയാകാൻ കച്ച മുറുക്കിയിരിക്കുകയായിരുന്നു നേതാവ്.
അദ്ദേഹത്തിനെതിരെ ജില്ലാ സെക്രട്ടറിയേറ്റിന്റെ നടപടി സംസ്ഥാന കമ്മറ്റിയിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാന കമ്മറ്റി ഇതിന് അംഗീകാരം നൽകിയതായാണ് വിവരം.
നാട്ടിൽ പാട്ടായി
പാർട്ടി പ്രവർത്തകയായ വീട്ടമ്മയുമായി നേതാവ് നടത്തിയ സ്വകാര്യ സംഭാഷണത്തിന്റെ ശബ്ദരേഖ ഒരാഴ്ച മുന്പാണ് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്.
നേതാവിനോട് ചിരിച്ചു കൊണ്ടാണ് വീ്ട്ടമ്മ പലപ്പോഴും മറുപടി പറയുന്നത്. ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിൽ നേതാവിനെതിരെ വലിയ തോതിൽ ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
എന്നാൽ പാർട്ടിയിലെതന്നെ ഒരു പ്രബല വിഭാഗം നേതാവിനെ ഹണിട്രാപ്പിൽ പെടുത്തുകയായിരുന്നെന്നും ആരോപണമുണ്ട്.
അടുത്ത ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്ന പേരുകളിലൊന്നായതിനാൽ ഇതിനു തടയിടുകയായിരുന്നു ലക്ഷ്യമെന്നും പറയപ്പെടുന്നു.
ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ ചില വനിതാ നേതാക്കൾ ഇതുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ നേതൃത്വത്തെ സമീപിച്ചിരുന്നു.
ശബ്ദരേഖ വ്യാപകമായി പ്രചരിച്ചതിനാൽ ജനങ്ങൾക്കിടയിൽ സിപിഎമ്മിന്റെ വനിതാ പ്രവർത്തകരും നേതാക്കളും തെറ്റിദ്ധരിക്കപ്പെട്ടെന്നായിരുന്നു ആരോപണം. നേരത്തെ ആഡംബര വീട് നിർമാണത്തിന്റെ പേരിൽ ആരോപണം നേരിട്ടയാളാണ് നേതാവ്.