പരപ്പനങ്ങാടി: ഉള്ളണം തയ്യിലപ്പടിയില്‍ ആടും കുട്ടികളും പ്രസവത്തെ തുടര്‍ന്ന് ചത്തത് മൃഗ ഡോക്ടറുടെ പിഴവ് കാരണമെന്നു ഉടമയുടെ പരാതി.
തയ്യിലപ്പടിക്ക് സമീപം എല്ലാക്കില് വീട്ടില്‍ കരീച്ചിയില് കുഞ്ഞാവയുടെ ആടിനെയും മൂന്നു കുട്ടികളെയുമാണ് ഇന്നലെ രാവിലെയോടെ കൂട്ടില്‍ ചത്ത നിലയില്‍ കാണപ്പെട്ടത്.
രണ്ടു കുട്ടികളെ പ്രസവിച്ച ആടിന്റെ മറുപിള്ള വീഴാത്തതിനെ തുടര്‍ന്നു പരപ്പനങ്ങാടി മൃഗാശുപത്രിയിലെ ഡോക്ടര്‍ മുരളി ചൊവാഴ്ച്ച ഇവരുടെ വീട്ടിലെത്തി മറുപിള്ള എടുത്തു മാറ്റി തിരിച്ചു പോയി.
എന്നാല്‍ ഇന്നലെ രാവിലെയോടെ ആടിനെയും രണ്ടു കുട്ടികളെയും കൂട്ടില്‍ ചത്ത നിലയില്‍ കാണപ്പെടുകയായിരുന്നു.
തുടര്‍ന്നു വീട്ടുകാരാണ് ആടിന്റെ ഗര്‍ഭപാത്രത്തില്‍ മൂന്നാമതൊരു കുട്ടി കൂടിയുണ്ടെന്ന് കണ്ടെത്തിയത്.
ഇതു കണ്ടെത്താന്‍ കഴിയാതിരുന്നതു ഡോക്ടര്‍ക്കു പരിശോധനയില്‍ സംഭവിച്ച പിഴവാണെന്നാണ് പരാതി.
എന്നാല്‍ ആട് രണ്ടു കുട്ടികളെ പ്രസവിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാണ് മറുപിള്ള വീഴാത്ത കാര്യം പറഞ്ഞ് ഉടമ തന്നെ സമീപിച്ചതെന്നും സമയം വൈകിയതിനാല്‍ താന്‍ എത്തിയപ്പോഴേക്കും ആടിന്റെ ഗര്‍ഭപാത്രം ചുരുങ്ങിയിരുന്നു എന്നുമാണ് ഡോക്റുടെ വിശദീകരണം.
ഗര്‍ഭപാത്രം ചുരുങ്ങിയിരുന്നതിനാല്‍ വിശദ പരിശോധനയ്ക്ക് പരിമിതി ഉണ്ടായിരുന്നുവെന്നും ആടിന്റെ സുരക്ഷ കണക്കിലെടുത്താണ് താന്‍ അതിന് മുതിരാതിരുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.
ആടിന്റെ ഗര്‍ഭ പാത്രത്തില്‍ മൂന്നാമതൊരു കുട്ടി കൂടി ഉണ്ടെന്ന സംശയം പോലും ഉടമ പ്രകടിപ്പിച്ചിരുന്നില്ലെന്നും മാസം തികയാതെയാണ് ആടു പ്രസവിച്ചതെന്നും ഡോക്ടര്‍ മുരളി പറഞ്ഞു.
എന്നാല്‍ ഈ സംഭവത്തോടെ ഡോക്ടര്‍ക്കെതിരെ മറ്റു കര്‍ഷകരുടെ ഭാഗത്തു നിന്നു പരാതി ഉയര്‍ന്നിട്ടുണ്ട്.