അഗളി : കോവിഡ് മാനദണ്ഡങ്ങൾക്ക് തെല്ലൊരിളവ് ലഭിച്ചതോടെ അട്ടപ്പാടിയിലേക്ക് സന്ദർശകരുടെ പ്രവാഹം തുടങ്ങി. സ്ഥലപരിചയമില്ലാത്ത സന്ദർശകർ അപകട മേഖലയിലൂടെ ചുറ്റിത്തിരിയുന്ന കാഴ്ച ഭീതിതമാണ്.പടിഞ്ഞാറൻ അട്ടപ്പാടിയിൽ മഴ ശക്തി പ്രാപിച്ചു വരികയാണ്.
സൈലന്റ് വാലി, മുത്തികുളം വനമേഖലകളിൽ കാലവർഷം ശക്തി പ്രാപിച്ചതോടെ ശിരുവാണി ഭവാനി പുഴകൾ കര കവിയാൻ തുടങ്ങിയിട്ടുണ്ട്. പുഴയുടെ ആഴമോ ഒഴിക്കിന്റെ ശക്തിയോ തിരിച്ചറിയാതെ തമിഴ്നാട്ടിൽ നിന്നെത്തുന്ന സഞ്ചരികളടക്കം നിരവധി പേർ പുഴയിലേക്ക് ഇറങ്ങുന്നത് അപകടകരമാണ്.
ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രാദേശങ്ങളിലും സന്ദർശകർ കാഴ്ചക്കരായി എത്തുന്നുണ്ട്. ആനമൂളി ചുരം റോഡിലെ വെള്ളച്ചാട്ടം കാണാൻ യാത്രക്കാർ തടിച്ചു കൂടുന്നത് പതിവായി. ഭവാനി, ശിരുവാണി പുഴകളിലെ തുരുത്തുകളിൽ വിശ്രമത്തിനും കുളിക്കാനുമെത്തുന്നവർ അപകടം തിരിച്ചറിയുന്നില്ല.
കനത്ത മഴയിൽ പുഴയിലെ ജലനിരപ്പുയർന്നാൽ തുരുത്തിലകപ്പെട്ടവർക്ക് പുറത്തുകടക്കാനാകില്ല.ഇത്തരത്തിൽ പുഴയിലിറങ്ങിയ നിരവധി പേർ മുൻ വർഷങ്ങളിൽ കുത്തൊഴുക്കിൽ അകപ്പെട്ട തായി നിവാസികൾ ചുണ്ടിക്കാട്ടി.