തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് സിപിഎം സ്പോണ്‍സേർഡ് തട്ടിപ്പാണെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു.
വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎ അടിയന്തരപ്രമേയത്തിന് അനുമതി തേടിയിരുന്നു.
പ്രമേയം അവതരിപ്പിച്ച ഷാഫി സംസ്ഥാനം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് കരുവന്നൂരിൽ നടന്നതെന്ന് ആരോപിച്ചു. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിലെ തട്ടിപ്പ് അറിഞ്ഞ് പാർട്ടി തന്നെ പരിശോധന നടത്തിയെന്നും തട്ടിപ്പ് ബോധ്യമായിട്ടും വിവരം മറച്ചുവച്ചുവെന്നും ഷാഫി ആരോപിച്ചു.
തട്ടിപ്പുകാർക്ക് കുടപിടിക്കുന്ന നടപടിയാണ് സിപിഎം ചെയ്തത്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പ്രാഥമിക പരിശോധയ്ക്ക് ശേഷം കുറ്റക്കാരെ സസ്പെൻഡ് ചെയ്തുവെന്നും സഹകരണ മന്ത്രി വി.എൻ.വാസവൻ മറുപടി നൽകി.
104 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.