ഇടുക്കി: കട്ടപ്പനയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ കുട്ടിയുടെ മൊബൈൽ ഫോണ് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. മൊബൈൽ കസ്റ്റഡിയിലെടുത്ത പോലീസ് ഇതുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്തും.
കുന്തളംപാറ പരിക്കാനിവിള സുരേഷിന്റെ മകൾ ശാലു (14) വിനെയാണ് ഇന്നലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടപ്പന മാർക്കറ്റിൽ വ്യാപാര സ്ഥാപനം നടത്തുകയാണ് സുരേഷ്.
ഉച്ചയ്ക്കുള്ള ഭക്ഷണവുമായി ശാലുവിന്റെ അമ്മ കട്ടപ്പനയിലെ വ്യാപാര സ്ഥാപനത്തിൽ പോയി തിരികെയെത്തിയപ്പോൾ വീട് ഉള്ളിൽ നിന്നും കുറ്റിയിട്ട നിലയിലായിരുന്നു.
അയൽവാസികളെ കൂട്ടി വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് കുട്ടിയെ വീടിനുള്ളിലെ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പുളിയൻമല കാർമൽ സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ശാലു.
കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ലെന്ന് വീട്ടുകാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അധ്യാപകരിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
വിദഗ്ധ സംഘം ഇന്ന് വീട്ടിലെത്തി വിശദമായ പരിശോധന നടത്തും. മൃതദേഹം ഇന്ന് ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും.
ഏതാനും മാസങ്ങൾക്കുള്ളിൽ ഇടുക്കി ജില്ലയിൽ ജീവനൊടുക്കുന്ന നാലാമത്തെ സ്കൂൾ വിദ്യാർഥിയാണ് ശാലു.