വി.ആർ. ഹരിപ്രസാദ്
ചേട്ടാ, ഈ മറ്റുള്ളവരുടെ ഫോണിൽ വരുന്ന വാട്ട്സ്ആപ്പ് മെസേജുകൾ നമുക്കു വായിക്കാൻ പറ്റുമോ? അത്യാവശ്യം കംപ്യൂട്ടർ, മൊബൈൽ, ഇന്റർനെറ്റ് വിഷയങ്ങൾ ഒക്കെ കൈകാര്യംചെയ്യുന്ന യുട്യൂബർമാർ, ഫേസ്ബുക്കിൽ ഇതുസംബന്ധിച്ച് എഴുതുന്നവർ എന്നിവരൊക്കെ ദിവസേന പലതവണ കേൾക്കുന്ന ചോദ്യമാണ്.
ഇപ്പോൾ ലോകത്തെതന്നെ ഏറ്റവും വലിയ വിവാദമായ പെഗാസസ് ഫോണ്‍ ചോർത്തൽ വാർത്തകൾ വായിക്കുന്പോൾ ചിലരെങ്കിലും ഈ ചോദ്യം ഓർമിക്കും.ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നവർ ആരാണ്? ആധിപിടിച്ചു നടക്കുന്ന പഞ്ചപാവങ്ങളാണ് അധികവും.
ഭാര്യയുടെ അല്ലെങ്കിൽ കാമുകിയുടെ, ഭർത്താവിന്റെ അല്ലെങ്കിൽ കാമുകന്റെ, ഇതുമല്ലെങ്കിൽ അത്തരത്തിലുള്ള ആളുകളുടെ ഫോണിലേക്കു വരുന്നതും, പുറത്തേക്കു പോകുന്നതുമായ എസ്എംഎസുകൾ, വാട്ട്സ്ആപ്പ് സന്ദേശങ്ങൾ, കോളുകൾ തുടങ്ങിയവയൊക്കെ ഒളിച്ചിരുന്ന് ചോർത്തണം എന്ന ഭയങ്കര അത്യാവശ്യമാണ് അവർക്ക്.
കാരണം എന്തായിരിക്കും? മിക്കവാറും സംശയരോഗംതന്നെ. എന്നാൽ സംശയം തോന്നിക്കത്തക്ക കാരണങ്ങളുള്ളവരും ഉണ്ടാകാം. പണ്ടു വരാന്തകളിൽ പതുങ്ങിനിന്നു സ്വകാര്യം ചോർത്തുന്നതിന്റെ പലവിധ ഹൈ-ടെക്ക് രൂപങ്ങൾ അവതരിക്കുന്നത് കാലത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു.
ഇത്തരം ആവശ്യങ്ങളുള്ളവരെ സഹായിക്കാൻ എന്നപേരിൽ എത്തുന്ന വിരുതന്മാർ അപ്പോൾ എന്തൊക്കെ ചെയ്യും?പെഗാസസ് ചാരപ്പണിയുടെകാലത്ത് ഈ ചെറുകിട ചോർത്തൽ പരിപാടികൾക്കും പ്രാധാന്യമുണ്ടെന്ന് ഓർമിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്. സർക്കാർ കാര്യം മാത്രമല്ലല്ലോ വലുത്!
ടെലിഫോണ്‍ ടാപ്പിംഗ് അഥവാ ഫോണ്‍ ചോർത്തൽ
ടെലിഫോണ്‍, ഇന്റർനെറ്റ് അധിഷ്ഠിത ആശയവിനിമയങ്ങളെ മൂന്നാമതൊരാൾ രഹസ്യമായി നിരീക്ഷിക്കുന്നതിനെയാണ് ടെലിഫോണ്‍ ടാപ്പിംഗ് (ഫോണ്‍ ചോർത്തൽ) എന്നു പറയുന്നത്.
പണ്ട് ഇതിനു വയർ ടാപ്പിംഗ് എന്നും പേരുണ്ടായിരുന്നു. ടെലിഫോണ്‍ പോസ്റ്റിൽ കയറി കേബിളിൽ ഒരു റിസീവർ പിടിപ്പിച്ച് മറ്റുള്ളവരുടെ സംഭാഷണം കേൾക്കുന്ന പരിപാടി പഴയകാല സിനിമകളിൽ കണ്ടിരിക്കും. അതുകൊണ്ടുതന്നെയാണ് വയർ ടാപ്പിംഗ് എന്ന പേരു വന്നത്.
രാജ്യദ്രോഹ നീക്കങ്ങൾ തടയാൻ സർക്കാർ ഏജൻസികൾക്ക് നിയമാനുസൃത ടാപ്പിംഗ് അനുവദിച്ചിട്ടുണ്ട്. തീവ്രവാദികളുടെ സന്ദേശങ്ങൾ ചോർത്തിയെടുക്കുക എന്നത് അത്യന്തം പ്രധാനവുമാണ്.
എന്നാൽ നിമയപരമായ ടാപ്പിംഗിന്റെ മറവിൽ അതിനേക്കാൾ വലിയ ദ്രോഹം നടന്നാൽ കളി കാര്യമാകും. ആ വിഷയത്തിലേക്കു വരുന്നതിനു മുന്‍പ് സാധാരണക്കാരായ നമ്മുടെയൊക്കെ ഫോണുകളിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് നോക്കാം.
വെറുതെ വിളിക്കുന്ന ഒരു കോൾ റെക്കോർഡ് ചെയ്യപ്പെടുന്നതു മുതൽ രേഖകൾ ചോർത്തിയെടുത്ത് ബാങ്ക് അക്കൗണ്ടിലെ പണം തട്ടുന്നതുവരെയുള്ള വളരെ വ്യാപ്തിയുള്ളതും ഗുരുതരവുമായ കാര്യങ്ങളാണ് നമ്മുടെ പോക്കറ്റിൽ കിടക്കുന്ന ഫോണിലൂടെ നടത്താനാവുക.
കോൾ റെക്കോർഡ് ചെയ്യുന്നതുപോലും ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കാം. രണ്ടുപേർ തമ്മിൽ സംസാരിക്കുന്നത് അതിലൊരാളോ, അല്ലെങ്കിൽ മൂന്നാമതൊരാളോ റെക്കോർഡ് ചെയ്യുന്നു എന്നു കരുതുക. ആ സംഭാഷണത്തിൽ പുറമേയുള്ള ഒരാളെ ബാധിക്കുന്ന ഒരു പരാമർശം ഉണ്ടാവുന്നുവെന്നിരിക്കട്ടെ.
അല്ലെങ്കിൽ പറയാൻ പാടില്ലാത്ത എന്തെങ്കിലും പറഞ്ഞുവെന്നു കരുതുക. റെക്കോർഡ് ചെയ്യപ്പെട്ട ഫോണ്‍ കോൾ തലയ്ക്കു മുകളിൽ കെട്ടിയിട്ട വാളായി മാറാൻ പിന്നെ ഒട്ടും സമയംവേണ്ട.ഈയടുത്തകാലത്ത് ഫോണ്‍ കോളുകളിൽ കുരുങ്ങിയത് ചില്ലറക്കാരൊന്നുമല്ല.
പാർട്ടിക്കാരനോടു സംസാരിച്ച മന്ത്രി, സ്കൂൾ വിദ്യാർഥിയോടു സംസാരിച്ച എംഎൽഎ, മലയോര മേഖലയിലൊരിടത്ത് വീട്ടമ്മയോടു സംസാരിച്ച പാർട്ടി നേതാവ്…
മൊബൈൽ ഫോണിൽ ഉള്ള കോൾ റെക്കോർഡിംഗ് എന്ന വളരെ നിസാരമായൊരു ഫീച്ചറാണ് ഇവർക്കൊക്കെ എട്ടിന്റെ പണി കൊടുത്തത്. അങ്ങനെയെങ്കിൽ പണിതരാൻ മാത്രമായുള്ള ആപ്പുകളുടെ കാര്യമെടുത്താലോ?
അതേക്കുറിച്ച് ഐടി രംഗത്തെവിദഗ്ധൻ പറയുന്നത്
തിങ്കളാഴ്ച വായിക്കാം..
ഗൂഗിൾ പറയുന്നു…
ഈ കുറിപ്പു തയാറാക്കുന്നവേളയിൽ ഗൂഗിളിൽ വെറുതേയൊരു സെർച്ച് കൊടുത്തു- ഫോണ്‍ ടാപ്പിംഗ് ആപ്പ്സ്. 0.52 സെക്കന്റുകൊണ്ട്, അതായത് ഒരു സെക്കന്റിൽ താഴെ മാത്രം സമയംകൊണ്ട് ഗൂഗിൾ തന്നത് മൂന്നുകോടി അഞ്ചുലക്ഷം റിസൽറ്റുകളാണ്.
ഫോണ്‍ ചോർത്താൻ സഹായിക്കുന്ന ഏറ്റവും മികച്ച 10 ആപ്പുകളുടെ ലിസ്റ്റ് ഏറ്റവുമാദ്യം. (ഗൂഗിളിൽ ആർക്കും ലഭ്യമാണെങ്കിലും ആ ലിസ്റ്റ് ഞങ്ങളിവിടെ പ്രസിദ്ധീകരിക്കുന്നില്ല).
ഒപ്പം ആളുകൾ മുന്‍പു ചോദിച്ച ചോദ്യങ്ങൾ ഗൂഗിൾ പരിചയപ്പെടുത്തി.ദൂരെയിരുന്ന് ഒരു സെൽഫോണിലെ വിവരങ്ങൾ ചോർത്താനാകുമോ? ഫോണ്‍ ടാപ്പിംഗ് ശരിക്കും സാധ്യമാണോ? എങ്ങനെയാണ് മൊബൈൽ ഫോണ്‍ ചോർത്തുന്നത്?
ചോദ്യങ്ങൾക്കു പിന്നാലെ, മറ്റൊരാളുടെ മൊബൈൽ ഫോണ്‍ ചോർത്താൻ ലളിതമായി പഠിക്കാം എന്നൊരു ഓഫർ വേറെ. എന്റെ ഫോണ്‍ ആരെങ്കിലും ചോർത്തുന്നുണ്ടോ എന്ന് എളുപ്പത്തിൽ കണ്ടുപിടിക്കാനുള്ള ആപ്പ് ഏത് എന്നൊരു റിവേഴ്സ് ചോദ്യവും ഇതിനൊപ്പം വന്നു.
ഇതൊക്കെ തരുന്ന സൂചന എന്താണ്? മറ്റുള്ളവരുടെ, മിക്കവാറും സ്വന്തക്കാരുടെ അടക്കം ഫോണുകളിൽ എന്തുനടക്കുന്നു എന്നറിയാൻ ഒരുപാടാളുകൾ തലകുത്തിമറിഞ്ഞു ശ്രമിക്കുന്നുണ്ട്. അങ്ങനെ ചോർത്തലുകൾ നടക്കുന്നുമുണ്ട്. അതു പലവിധ വിപത്തുകളിലേക്ക് നയിക്കുകയും ചെയ്യുന്നു.