പന്തളം: കാർഷിക വിളകളെ ആക്രമിച്ച് പ്ലേഗ് പുഴു. പന്തളം തെക്കേക്കര പഞ്ചായത്തിലെ ചെറുലയത്താണ് പുഴുവിന്റെ ആക്രമണം.
മുന്പ് എറണാകുളം ജില്ലയിൽ പ്ലേഗ് പുഴുവിന്റെ ശല്യം കണ്ടെത്തിയിരുന്നൈങ്കിലും പത്തനംതിട്ട ജില്ലയിൽ ആദ്യമായാണ് ഇവയുടെ സാന്നിധ്യം കാണുന്നത്. റബറിന്റെ ആവരണവിളയായ തോട്ടപ്പയറിലാണ് ഇവ ഉണ്ടാകുന്നത്.
വാഴ, മരച്ചീനി, ചേന, ചേന്പ് പച്ചക്കറി, പയർ വർഗങ്ങൾ, കറിവേപ്പ്, പേര, ഓർക്കിഡുൾപ്പെടെയുള്ള അലങ്കാര ചെടികളെയും ആക്രമിക്കും.
ചെടികളുടെ ഇല, പൂവ്, കായ്കൾ എന്നിവയെല്ലാം തിന്നു വിളകളെ പൂർണമായും ഇവ നശിപ്പിക്കും. പ്ലേഗ് പുഴു മനുഷ്യനെയോ മൃഗങ്ങളെയോ നേരിട്ടു ബാധിക്കില്ലെന്ന് കാർഷിക മേഖലയിലുള്ളവർ പറയുന്നു.
എന്നാൽ, ഒറ്റയ്ക്കും കൂട്ടമായും സഞ്ചരിക്കുന്ന ഇവ രാപകൽ ഭേദമില്ലാതെയാണു വീടുകൾക്കുള്ളിൽ കയറുന്നത്. വസ്ത്രങ്ങളിലും പാത്രങ്ങളിലും പാകം ചെയ്തുവച്ചിരിക്കുന്ന ഭക്ഷണത്തിലും കയറി പുഴു ഏറെ ശല്യമാണുണ്ടാക്കുന്നുണ്ട്.
കുഞ്ഞുങ്ങളുടെ മൂക്കിലും ചെവിയിലുമെല്ലാം കയറുന്നതുമൂലവും അപകട സാധ്യതയുണ്ട്. ട്രയാക്കോള പ്ലേഗ്യാറ്റ എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന പ്ലേഗ് പുഴു ഒരു തരം ചിത്രശലഭത്തിന്റെ മുട്ട വിരിഞ്ഞുണ്ടാകുന്നതാണ്.
ഇരുണ്ട തവിട്ടു നിറമുള്ള ഇവയുടെ തലയ്ക്കും കാലുകൾക്കും ഓറഞ്ച് നിറമാണ്. ഇരുവശങ്ങളിലും നേർത്ത വെളുത്ത വരകൾ കാണും.
പൂർണ വളർച്ചയെത്തുന്പോൾ ഏകദേശം ആറു സെന്റീമീറ്റർ നീളമുണ്ടാകുന്ന ഇവയുടെ ജീവിതചക്രം 85 ദിവസമാണ്.
സമാധി ദിശ ആകുന്പോഴേയ്ക്കാണ് ഇവ വീടുകൾക്കുള്ളിൽ കയറുന്നത്. പ്ലേഗ് പോലെ അതിവേഗം പടരുന്നതിനാലാണ് ഇവയ്ക്ക് പ്ലേഗ് പുഴു എന്ന പേരു ലഭിച്ചത്.
ഇന്ത്യയിൽ മേഘാലയ, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലും, ചൈന, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലുമാണ് മുന്പ് ഇവയെ കണ്ടെത്തിയിട്ടുള്ളത്.
കാർഷിക സർവകലാശാല ടീം ചെറുലയത്ത് സന്ദർശനം നടത്തി
പന്തളം: പ്ലേഗ് പുഴുവിനെ കണ്ടെത്തിയ പന്തളം തെക്കേക്കര പഞ്ചായത്തിലെ ചെറുലയത്ത് കാർഷിക സർവകലാശാലയിലെ ശാസത്രജ്ഞരും പത്തനംതിട്ട ജില്ലയിലെ കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും സന്ദർശിച്ചു.
പുഴുവിനെതിരെയുള്ള പ്രകൃതിദത്ത ഉപരോധമായ എൻപിവി വൈറസിന്റെ സാന്നിധ്യം പ്രദേശത്തു കണ്ടെത്തിയെന്നും അതിനാൽ നാലു ദിവസത്തിനുള്ളിൽ കീടത്തിന്റെ ശല്യം അവസാനിക്കുമെന്നും നിലവിൽ ചെയ്യുന്ന പ്രതിരോധ പ്രവർത്തനങ്ങൾ മതിയെന്നും ശാസ്ത്ര സംഘം അറിയിച്ചു.
കേരള കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞരായ ഡോ. എൻ. സുരേന്ദ്രൻ, ഡോ. ജ്യോതി സാറ ജേക്കബ്, ഡോ. സി.ആർ. റിനി, ഡോ. ജിൻസാ നസീം, വെള്ളായണി കാർഷിക സർവകലാശാല കർഷക സാന്ത്വന ടീമംഗങ്ങളായ ഡോ. കെ.ഡി. പ്രതാപൻ, ടി. സന്തോഷ് കുമാർ, പത്തനംതിട്ട ഡെപ്യൂട്ടി കൃഷി ഡയറക്ടർ ജാൻസി കെ. കോശി, പന്തളം തെക്കേക്കര ഹെൽത്ത് ഇൻസ്പെക്ടർ ജി. ജയരാജ്, ജനപ്രതിനിധികൾ എന്നിവരടങ്ങിയ സംഘമാണു സന്ദർശനം നടത്തിയത്.
പ്രകൃതിദത്തമായ ജൈവിക നിയന്ത്രണത്തിലൂടെ ഇവയുടെ ശല്യം ഒഴിവാക്കാമെന്ന് പന്തളം അസിസ്റ്റന്റ് കൃഷി ഡയറക്ടർ ആർ.എസ്. റീജ പറഞ്ഞു.
5 മുതൽ 10 മില്ലി ലിറ്റർ വേപ്പെണ്ണയിൽ 6 ഗ്രാം ബാർ സോപ്പു ചേർത്തു തളിച്ച് ഇവയെ നശിപ്പിക്കാം.
5 മില്ലി ലിറ്റർ വേപ്പധിഷ്ഠിത കീടനാശിനി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ഉപയോഗിച്ചും ഇവയെ നിയന്ത്രിക്കാമെന്നും റീജ അറിയിച്ചു.