കൊച്ചി: ‘പകല്‍ മുഴുവന്‍ പച്ചവെള്ളം പോലും തരാതെ പട്ടിണിക്കിട്ടു. രാത്രി വൈകിയപ്പോള്‍ വിശപ്പു സഹിക്കാനാവാതെ അല്പം ചോറെടുത്തു കഴിച്ചു.
ആരോടു ചോദിച്ചിട്ടാണ് ചോറെടുത്തു കഴിച്ചതെന്നു ചോദിച്ചു പാതിരാത്രിയില്‍ ഭർത്താവും ഭതൃമാതാവും കൂടി എന്നെ വീട്ടില്‍ നിന്നിറക്കിവിട്ടു’-
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭർതൃവീട്ടുകാരും ചേര്‍ന്നു ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയുമായി കൊച്ചി സിറ്റി പോലീസ് അസി. കമ്മീഷണറെ സമീപിച്ച 31 കാരി കരഞ്ഞുകൊണ്ടാണ് തന്റെ പീഡാനുഭവങ്ങൾ പങ്കുവച്ചത്.
ഭര്‍തൃവീട്ടുകാർ പലപ്പോഴും ഓണ്‍ലൈനില്‍ ഭക്ഷണം വരുത്തി എന്റെ കൈയില്‍ പിടിപ്പിച്ചു ഫോട്ടോയെടുക്കും. പപ്പയ്ക്കു വാട്സ് ആപ്പില്‍ ചിത്രമയയ്ക്കും.
ഞാന്‍ കഴിക്കുന്ന ഭക്ഷണമാണെന്നു പറയിപ്പിക്കും. ശേഷം ഭര്‍ത്താവും അമ്മയും കൂടി ഭക്ഷണം കഴിക്കും. എനിക്കു തരില്ല.
വിവാഹം കഴിഞ്ഞു മൂന്നാം ദിവസം മുതൽ ഷെയര്‍ ചോദിച്ചു പീഡനം തുടങ്ങി. സ്ത്രീധനമായി നൽകിയ അമ്പതു പവന്, ഫ്ളാറ്റ് വാങ്ങാനെന്ന പേരില്‍ വില്ക്കാന് ശ്രമിച്ചത് എതിര്‍ത്തതോടെ അക്രമം കൂടി.
വിസ്മയയുടെ ഗതിയാവും നിനക്കെന്നു പലവട്ടം ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. കൊച്ചിയിലെ എയ്ഡഡ് എല്‍പി സ്കൂളില്‍ അധ്യാപികയാണു യുവതി.