കൊച്ചി: സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കും പിതാവിനും ക്രൂരമര്‍ദനമേറ്റെന്നു പരാതിയില്‍ അറസ്റ്റിനൊരുങ്ങി പോലീസ്.
മകള്ക്കുനേരേയുള്ള ക്രൂരതകളെക്കുറിച്ച് അന്വേഷിക്കാനെത്തിയ പിതാവ് ജോര്‍ജിനെ ഭര്‍തൃവീട്ടുകാര്‍ തല്ലിച്ചതെച്ചന്ന പരാതിയില്‍ നേരത്തെ യുവതിയുടെ ഭര്‍ത്താവ് എറണാകുളം പച്ചാളം പനച്ചിക്കല്‍ ജിപ്സണ്‍ (31), ഭര്‍തൃപിതാവ് പീറ്റര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ഭര്‍തൃവീട്ടില്‍ പട്ടിണിക്കിട്ടു മര്‍ദിച്ചെന്നു ചൂണ്ടിക്കാട്ടി യുവതി കൊച്ചി സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കു നല്കിയ പരാതിയില്‍ അന്വേഷണം നടന്നുവരികയാണ്.
ഈ പരാതിയില്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നാണു പോലീസ് വ്യക്തമാക്കുന്നത്. പാലാരിവട്ടം ചക്കരപ്പറമ്പ് സ്വദേശിനിയായ ഡയാന (31), പിതാവ് ജോര്‍ജ് (70) എന്നിവർക്കാണ് മര്‍ദനമേറ്റത്.
മകള്ക്കുനേരേയുള്ള ക്രൂരതകളെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയപ്പോള്‍ കഴിഞ്ഞ 17നാണ് ജോര്‍ജിനെ മര്‍ദിച്ചത്.ഇദേഹത്തിന്റെ കാലിനും വാരിയെല്ലിനും ഒടിവുണ്ട്. ഈ സംഭവത്തിലായിരുന്നു അറസ്റ്റ്. പിന്നീട് പ്രതികളെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.
കഴിഞ്ഞ ഏപ്രില്‍ 12നായിരുന്നു ജിപ്സണുമായുള്ള യുവതിയുടെ വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണ്. സ്ത്രീധനമായി അമ്പതു പവന് സ്വര്‍ണം നല്‍കിയാണു വിവാഹം നടത്തിയത്.
ഈ സ്വര്‍ണം വില്ക്കാന് സമ്മതിക്കാത്തതിനാലും കുടുംബസ്വത്ത് ആവശ്യപ്പെട്ടുമാണ് മര്‍ദിച്ചതെന്നു യുവതി പറയുന്നു.
നോര്‍ത്ത് പോലീസിലാണ് ആദ്യം പരാതി നല്‍കിയത്. എന്നാല്‍ പരാതി കൈപ്പറ്റാന്‍ തയാറായില്ല. വനിതാ പോലീസ് സെല്ലില്‍ അറിയിച്ചിട്ടും തുടര്‍നടപടികളുണ്ടായില്ല.
നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണറെ സമീപിച്ചശേഷമാണു മൊഴി രേഖപ്പെടുത്തിയതെന്നുമാണു യുവതി പറയുന്നത്.