ഓട്ടോറിക്ഷയുമായി ഏതു വഴിക്കൂടെ പോകാനും ചില ഡ്രൈവർമാർക്ക് പ്രത്യേക മിടുക്കാണ്. ട്രാഫിക് ജാം സമയത്ത് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പ്രകടം കാണേണ്ടതാണ്.
യാത്രക്കാരനെ കൃത്യസമയത്ത് എത്തിക്കാൻ ഇവർ തെരഞ്ഞെടുക്കുന്ന വഴി ചിലപ്പോഴൊക്കെ വിമർശനങ്ങൾക്കും കാരണമാവാറുണ്ട്.
അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആശുപത്രിയിലെ അഞ്ചാം നിലയിൽ ഓട്ടോറിക്ഷ എത്തുന്ന വീഡിയോയാണ് വൈറലാകുന്നത്.
മധ്യപ്രദേശിലെ ചിന്ദ്വാരയിലെ ഒരു ആശുപത്രിയിലാണ് സംഭവം. ശനിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.
ആശുപത്രിയിലേക്കുള്ള സാധന സാമഗ്രികളുമായി എത്തിയ ഓട്ടോറിക്ഷയാണ് അഞ്ചാമത്തെ നിലയിലേക്ക് എത്തിയത്.
ആശുപത്രിയിലേക്കുള്ള സാധനങ്ങളുമായാണ് ഓട്ടോറിക്ഷ താഴത്തെ നിലയിൽ എത്തിയത്. എന്നാൽ ഇത് ഇറക്കാൻ ആശുപത്രി ജീവനക്കാർ തയാറായില്ല.
സുരക്ഷാ ജീവനക്കാരോട് പല തവണ പറഞ്ഞെങ്കിലും അവർ കേൾക്കാൻ തയാറായില്ലെന്ന് ഡ്രൈവർ പറയുന്നു.
ഇതോടെ താൻ റാംപ് വഴി ഓട്ടോറിക്ഷ മുകളിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നുവെന്നും ഇയാൾ പറയുന്നു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചു വരികയാണ്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള റാംപ് വഴിയാണ് ഓട്ടോറിക്ഷ മുകളിലെത്തിയതെന്ന് ഡ്രൈവർ പറയുന്നു.
എന്നാൽ ഇത് വിശ്വസിക്കാൻ ഇതുവരെ ആശുപത്രി ജീവനക്കാർ തയ്യാറാകുന്നില്ല.
റാംപ് വഴി ഓട്ടോറിക്ഷ മുകളിലേക്ക് കയറുകയും താഴേക്ക് ഇറങ്ങുകയും ചെയ്യുന്നത് ആരും അറിഞ്ഞില്ലെന്നാണ് ഇവർ പറയുന്നത്.
എന്നാൽ ഓട്ടോറിക്ഷ മുകളിലേക്ക് കയറിയപ്പോൾ റാംപിൽ ഉണ്ടായിരുന്ന രോഗികളുടെ കൂട്ടിരിപ്പുകാർ നിലവിളിച്ചുകൊണ്ട് ഓടി മാറിയതായി ഓട്ടോറിക്ഷ ഡ്രൈവർ വെളിപ്പെടുത്തുന്നു.