കൊച്ചി: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ ചേർന്ന ഐഎൻഎൽ സംസ്ഥാന നേതൃയോഗത്തിൽ കൂട്ടത്തല്ല്.
പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സമ്പൂർണ ലോക്ഡൗൺ ദിവസമാണ് മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗവും തല്ലും അരങ്ങേറിയതെന്നതും ഗൗരവം വർധിപ്പിക്കുന്നു.
ഹോട്ടലിനുള്ളിലും പുറത്തുമായി പ്രവർത്തകർ പലതവണ ഏറ്റുമുട്ടി. പോലീസ് നോക്കിനിൽക്കെയായിരുന്നു സംഘർഷം.
പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി. കൈയാങ്കളിയെ തുടർന്ന് യോഗത്തിൽനിന്നും സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുൾ വഹാബ് ഇറങ്ങിപ്പോയി.
യോഗം റദ്ദാക്കിയെന്ന് അബ്ദുൾ വഹാബ് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയെ പോലീസ് ഹോട്ടലിൽനിന്നും മാറ്റി. യോഗം നടക്കുന്ന ഹോട്ടലിന് എതിരെ കോവിഡ് നിരോധന നിയമപ്രകാരം കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു.
രാവിലെ ആരംഭിച്ച യോഗത്തിൽ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂർ, മന്ത്രി അഹമ്മദ് ദേവർകോവിൽ, പ്രസിഡന്റ് എ.പി അബ്ദുൾ വഹാബ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
മന്ത്രിയുടെ പഴ്സണൽ സ്റ്റാഫിലെ നിയമനം സംബന്ധിച്ചായിരുന്നു തർക്കം. കാസിം ഇരിക്കൂര്‍ യോഗത്തിന്റെ തുടക്കം മുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് പ്രസിഡന്റ് അബ്ദുള്‍ വഹാബ് പറഞ്ഞു.
രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങളയുര്‍ത്തിയ സംസ്ഥാന സെക്രട്ടറിയോട് കാസിം ഇരിക്കൂര്‍ മോശമായി പ്രതികരിച്ചെന്നും അബ്ദുള്‍ വഹാബ് ആരോപിച്ചു.
ജനറല്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ പ്രതികരണങ്ങള്‍ ഉണ്ടായപ്പോള്‍ യോഗത്തില്‍ തര്‍ക്കം ഉണ്ടായി. ഇതിന് പിന്നാലെയാണ് യോഗം നിര്‍ത്തിവച്ചതായി താന്‍ അറിയിച്ചതെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു.