തിരുവനന്തപുരം: ജയിൽ ഡിജിപി ഋഷിരാജ്സിംഗ് ഈമാസം 31നു സർവീസിൽ നിന്നു വിരമിക്കുന്നു. ജയിലിൽ പ്രതികളുടെ ഫോണ് വിളി വിവാദം കത്തി നിൽക്കേയാണു ജയിൽ മേധാവിയായി അദ്ദേഹം വിരമിക്കുന്നത്. ജയിൽ നവീകരണത്തിനായി നടപ്പാക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് പുസ്തകമെഴുതുമെന്നു ഋഷിരാജ് സിംഗ് പറഞ്ഞു.
എക്സൈസ് കമ്മീഷണറായിരിക്കേ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരേ അദ്ദേഹം നിരവധി ലേഖനങ്ങളെഴുതി. ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് “വൈകുംമുന്പേ’ എന്ന പുസ്തകവും മലയാളികൾ സ്നേഹത്തോടെ സിംഗ് എന്നു വിളിക്കുന്ന ഋഷിരാജ് സിംഗ് പുറത്തിറക്കി.
രാജസ്ഥാൻ സ്വദേശിയായ ഋഷിരാജ് സിംഗ്1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. പുനലൂർ എഎസ്പിയായാണ് സർവീസ് തുടങ്ങിയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ കമ്മീഷണറായിരിക്കേ അദ്ദേഹം നടത്തിയ ഗുണ്ടാ വിരുദ്ധ പ്രവർത്തനം അടക്കം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഗതാഗത കമ്മിഷണറായിക്കേ നടപ്പാക്കിയ പരിഷ്കാരങ്ങളും പരിശോധനകളും റോഡപകടങ്ങൾ കുറയ്ക്കാൻ ഉപകരിച്ചു. സീറ്റ്ബെൽറ്റും ഹെൽമറ്റും യാത്രക്കാർ ശീലമാക്കിയതും ഗതാഗത കമ്മീഷണറായിരുന്ന സിംഗിന്റെ ശക്തമായ നടപടികളെത്തുടർന്നാണ്.
കെഎസ്ഇബി ചീഫ് വിജിലൻസ് ഓഫീസറായിരിക്കേ വൻകിട സ്ഥാപനങ്ങളും വ്യക്തികളും നടത്തിയ മീറ്റർ തട്ടിപ്പിലൂടെയുള്ള വൈദ്യുതി മോഷണം കണ്ടെത്തി. അതിർത്തി ചെക്ക് പോസ്റ്റുകളിലെ ക്രമക്കേട് കണ്ടെത്താൻ വേഷംമാറി ലോറിയിൽ ക്ലീനറായി സഞ്ചരിച്ചത് ഏറെ വാർത്താ പ്രാധാന്യം നേടി.
സംസ്ഥാന പോലീസിന് പുറമേ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പ്രധാനമന്ത്രിയുടെ സുരക്ഷയൊരുക്കുന്ന എസ്പിജിയിലും സിബിഐയിലും പ്രവർത്തിച്ചു. വിരമിച്ചാലും കേരളത്തിൽ തുടരുമെന്നും പൂജപ്പുരയിൽ വാടക വീട് നോക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുർഗേശ്വരിയാണ് ഋഷിരാജ് സിംഗിന്റെ ഭാര്യ. രണ്ടു മക്കൾ.