തൃശൂർ: ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് പണം മടക്കിക്കിട്ടാൻ കേരള ബാങ്ക് ഇടപെടും. കരുവന്നൂർ ബാങ്ക് സമർപ്പിച്ച നൂറു കോടി രൂപയുടെ ധനസഹായ അപേക്ഷ, കേരള ബാങ്കിന്റെ പരിഗണനയിലാണെന്ന് വൈസ് ചെയർമാൻ എം.കെ. കണ്ണൻ പറഞ്ഞു.
കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ 512 കോടി രൂപയുടെ നിക്ഷേപമുണ്ട്. ബാങ്കിലെ വായ്പാ തട്ടിപ്പ് പുറത്തുവന്നതോടെ ഈ നിക്ഷേപകർ ആശങ്കയിലാണ്.
പണം നിക്ഷേപിച്ചവർ അതു മടക്കികിട്ടാൻ ബാങ്കിനു മുന്പിൽ വരിനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേരള ബാങ്ക് നിക്ഷേപകരെ സഹായിക്കാൻ തുനിയുന്നത്. കരുവന്നൂർ ബാങ്കിലെ നിലവിലെ പ്രതിസന്ധി മറികടക്കാൻ അഞ്ചു വർഷമെങ്കിലും എടുക്കുമെന്ന് കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ. കണ്ണൻ പറഞ്ഞു.
കരുവന്നൂർ ബാങ്കിൽ നിന്ന് നഷ്ടപ്പെട്ട തുക കണ്ടെടുക്കാൻ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുക, വായ്പാ തിരിച്ചടവ് വേഗത്തിലാക്കാൻ നടപടിയെടുക്കുക തുടങ്ങി വിവിധ പരിഹാര മാർഗങ്ങളാണ് കേരള ബാങ്കിന് ശിപാർശ ചെയ്യാനുള്ളത്.