ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: കോവിഡ് മഹാമാരി എറ്റവും ആഴത്തിൽ ആഘാതമേല്പിച്ച ഒരു മേഖലയാണ് സ്വകാര്യ ബസ് വ്യവസായം. ഇതിന്റെ ഇരകളാണ് ബസ് ഉടമകളും അതിലെ തൊഴിലാളികളും അവരുടെ കുടുംബങ്ങളുമൊക്കെ. പാവപ്പെട്ടവന്റെ യാത്രാ വാഹനം എന്ന ഓമന പേരിട്ട് വിളിച്ചിരുന്ന ബസ് വ്യവസായം ഇന്ന് തകർന്നതോടെ മറ്റു മേഖലകളിലേക്ക് തിരിഞ്ഞിരിക്കുകയാണ് ബസ് ഉടമകളുടെ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവരെല്ലാം.
ഇത് ടി.ഗോപിനാഥൻ. ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി. ചിറ്റടിക്കടുത്ത് ഒടുകൂർ സ്വദേശക്കാരനായ ഗോപിനാഥൻ ഇപ്പോൾ പച്ചക്കറി കൃഷിക്കൊപ്പമാണ്.കൂടെ ബസ് തൊഴിലാളികളായ വിനുവും ഷമീറും ചാമിയാരുമുണ്ട്.
ലോക് ഡൗണിനെ തുടർന്ന് തന്റെ ബസുകളെല്ലാം ഓട്ടം നിലച്ചതോടെയാണ് ബസുടമകളുടെ അവസാനവാക്കായ ഗോപിനാഥും പച്ചക്കറി, വാഴ, നെൽകൃഷി, കുരുമുളക് എന്നിവയിലേക്ക് തിരിഞ്ഞത്.ദിവസവും അതിരാവിലെ വീടിനു ചുറ്റുമുള്ള പറന്പിലേക്കിറങ്ങി പണിയെടുക്കും.
ഇവിടെ മുതലാളി, തൊഴിലാളി എന്ന അന്തരമൊന്നുമില്ല.നേരത്തേയും കൃഷി തല്പരനായിരുന്നെങ്കിലും സംഘടനാ പ്രവർത്തനങ്ങളിൽ കൃഷിക്ക് സമയം കിട്ടിയിരുന്നില്ല.ഒന്നര വർഷം കൊണ്ട് തന്നെ ഇപ്പോൾ നല്ലൊരു മാതൃകാ കർഷകനായിരിക്കുകയാണ് ഈ ബസ് മുതലാളി. അധ്വാനത്തെക്കുറിച്ച് വളരെ അഭിമാനത്തോടെയാണ് ഗോപിനാഥ് സംസാരിക്കുന്നത്.
നെൽകൃഷിയുടെ മേന്മയെക്കുറിച്ച് പറഞ്ഞു തുടങ്ങിയാൽ ഗോപിനാഥ് വാചാലനാകും. വീടിനു മുന്നിലെ പാടത്ത് നാല് ഏക്കറിൽ രണ്ട് പൂൽ നെൽ കൃഷിയുണ്ട്. നല്ല വിളവും അതുവഴി നല്ലവരുമാനവും ലഭിക്കുന്നുണ്ടെന്നാണ് ഗോപിനാഥ് പറയുന്നത്.
നടീൽ സമയത്തും കൊയ്ത്തിനും മാത്രമെ പണി വരുന്നുള്ളു. പിന്നെയെല്ലാം പാടത്ത് പോയി നിരീക്ഷണം മതി. എന്തെങ്കിലുമൊക്കെ കാട്ടി കൂട്ടി കൃഷിയിറക്കുന്നതിനോട് ഗോപിനാഥിന് യോജിപ്പില്ല. എല്ലാറ്റിനും അതിന്റെതായ പൂർണ്ണത നിർബന്ധമാണ്.
നെല്ലിന്റെ വില കിട്ടാൻ കുറച്ച് വൈകലുണ്ടെങ്കിലും നെൽക്കൃഷി ലാഭകരം തന്നെയെന്ന് കണക്കുകൾ നിരത്തി ഗോപിനാഥ് സമർത്ഥിക്കുന്നു. അര ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷിയുണ്ട്.വള്ളിപയറാണ് കൂടുതൽ.നല്ല വിളവുമുണ്ട്.അടുപ്പിച്ച് മഴ പെയ്തതിനാൽ പയർ വള്ളികൾക്ക് ചെറിയ ചീച്ചലുണ്ട്. അതൊന്നും സാരമില്ല.
രണ്ട് വെയിൽ കിട്ടിയാൽ പയർ നിറയും. അനുഭവസന്പത്ത് നേടിയ ഒരു കർഷകന്റെ മനസ്സുറപ്പോടെയാണ് ഗോപിനാഥ് പറയുന്നത്. വെണ്ട, തക്കാളി, പച്ചമുളക്, ചീര, പാവൽ തുടങ്ങി എല്ലാം വീട്ടുപരിസരത്ത് നിറഞ്ഞു നിൽക്കുന്നു.ജൈവകൃഷി രീതികളായതിനാൽ ഉല്പന്നങ്ങൾ തേടി ആവശ്യക്കാർ വീട്ടിലെത്തും.
വണ്ടാഴി പഞ്ചായത്തിന്റെ മുൻ വൈസ് പ്രസിഡന്റായിരുന്ന ഭാര്യ ശാരദ ഗോപിനാഥാണ് വില്പനക്കാരി.തലേ ദിവസം തന്നെ പച്ചക്കറികൾക്ക് ബുക്കിംഗുണ്ട്. അതെല്ലാം തരം തിരിച്ച് ക്രമപ്പെടുത്തും. കൂട്ടിന് ഇസാഫിൽ ജോലിയുള്ള മകൾ സുരഭിയും മകൻ എൽ എൽ ബി വിദ്യാർത്ഥിയും ആർട്ടിസ്റ്റുമായ ഗൗതവുമുണ്ടാകും.
ഇതു കൂടാതെ 600 നേന്ത്രവാഴ വെച്ചിട്ടുണ്ട്. എല്ലാം കുലച്ചു തുടങ്ങി.ആറും ഏഴും പടലകളുള്ള നല്ല കുലകൾ.30 സെന്റ് വിസ്തൃതി വരുന്ന കുളത്തിൽ മത്സ്യകൃഷിയും തുടങ്ങിയിട്ടുണ്ട് .കവുങ്ങ് കൃഷിക്കായി മംഗലാപുരത്തു നിന്നും അടക്ക കൊണ്ടുവന്ന് കൂടുകളിൽ പാകി മുളപ്പിച്ച് നിർത്തിയിരിക്കുകയാണ്.
2700 കുഞ്ഞു കവുങ്ങിൻ തൈകൾ നടീലിന് റെഡിയായിട്ടുണ്ട്.200 തെങ്ങ്, റബർ, 100 ജാതി, 500 കൊക്കോ തുടങ്ങി ദീർഘകാല വിളകളുടെ പരിചരണവും ഒപ്പമുണ്ട്. എല്ലാവിധ മുന്തിയ പഴവർഗ്ഗങ്ങളും മറ്റു ഫലവൃക്ഷങ്ങളും പച്ചക്കാട് കയറിയ വിളകൾക്കൊപ്പം വളരുന്നു.
കൃഷി ഹരമാണെങ്കിലും ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തിലും പക്ഷെ, ബസ് വ്യവസായത്തെ തള്ളി പറയാനൊന്നും ഗോപിനാഥ് തയാറല്ല.തന്റെ നേട്ടങ്ങൾക്കും ഉയർച്ചകൾക്കുമെല്ലാം പിന്നിൽ ബസ് വ്യവസായമാണ്.ഗൾഫിൽ നിന്ന് തിരിച്ചെത്തി 1987ലാണ് ബസ് രംഗത്തേക്ക് കടന്നു വരുന്നത്. ഏഴ് ബസുണ്ടായിരുന്നത് ഇപ്പോൾ മൂന്നെണ്ണമായെന്ന് മാത്രം.
മൂന്നര പതിറ്റാണ്ടോളമായി ഈ മേഖലയിലെ നിറസാന്നിധ്യമാണ് ഗോപിനാഥൻ.പാലക്കാട് ജില്ലയിലെ സീനിയർ ബസ് ഓപ്പറേറ്റർ കൂടിയായ ഗോപിനാഥ് 1995 മുതൽ ഓർഗനൈസേഷന്റെ ജില്ലാ സെക്രട്ടറിയായി തുടരുകയാണ്.ബസ് വ്യവസായത്തിന് ഇത്ര വലിയൊരു പ്രതിസന്ധി മുന്പെങ്ങും ഉണ്ടായിട്ടില്ലെന്ന് ഗോപിനാഥൻ പറയുന്നു.
ഉടമകൾക്ക് തന്നെ പിടിച്ചു നിൽക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് പറയുന്പോൾ പിന്നെ അതിൽ തൊഴിലെടുത്തിരുന്നവരുടെ സ്ഥിതി അതിഗുരുതരമാകുമെന്ന് പറയേണ്ടതില്ല.