തൃശൂർ: കരുവന്നൂർ സർവീസ് സഹകരണബാങ്കിൽ അനധികൃത ഇടപാടുകളുടെ രേഖകൾ സൂക്ഷിക്കാൻ പ്രത്യേക ലോക്കർ സംവിധാനം.
സംസ്ഥാന ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ ബാങ്കിന്റെ അലമാരയിലാണ് ഇത്തരത്തിലുള്ള പ്രത്യേക ലോക്കർ കണ്ടെത്തിയത്.
ലോക്കറിൽനിന്ന് അനധികൃത വായ്പാ ഇടപാടു നടത്തിയ 29 ആധാരങ്ങൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഇതിന്മേലെല്ലാം ഉടമയറിയാതെ പലതവണ വായ്പകളെടുത്തിട്ടുണ്ട്.
അനധികൃതമായി നടത്തിയ ഇടപാടുകൾ മറ്റു രേഖകളുമായി കൂടിച്ചേരാതിരിക്കാനാണത്രെ പ്രത്യേക ലോക്കർ സജ്ജമാക്കി അതിനകത്തു സൂക്ഷിച്ചിരുന്നത്.
ലോക്കറിൽനിന്ന് ഏതാനും സ്വർണനാണയങ്ങളും കണ്ടെടുത്തിരുന്നു. ഇതു ബാങ്കിനു കീഴിലുള്ള സൂപ്പർ മാർക്കറ്റ് ശൃംഖലകളിലേക്കു പർച്ചേസ് നടത്തിയപ്പോൾ ലഭിച്ച സ്വർണനാണയങ്ങളാണെന്നു പറയുന്നു. ഇതും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അറസ്റ്റ് രേഖപ്പെടുത്താതെ ഇപ്പോഴും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള പ്രതികളിൽനിന്നു പരമാവധി വിവരങ്ങൾ ശേഖരിച്ച് കേസുമായി ബന്ധപ്പെട്ട് കിട്ടാവുന്നത്ര തെളിവുകളും രേഖകളും കണ്ടെത്തുന്നതിനാണ് അന്വേഷണസംഘം ഊന്നൽ കൊടുക്കുന്നത്.
പ്രതികളുടെ അറസ്റ്റ് സ്ഥിരീകരിക്കാതെ ക്രൈംബ്രാഞ്ച്
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രധാന പ്രതികളെ ഞായറാഴ്ച തൃശൂർ അയ്യന്തോളിൽനിന്നു പിടികൂടിയെങ്കിലും ഇതുവരെയും ഇങ്ങനെയൊരു സംഭവം നടന്നുവെന്നു സ്ഥിരീകരിക്കാൻ ക്രൈംബ്രാഞ്ച് തയാറായിട്ടില്ല.
കേസിലെ മുഴുവൻ പ്രതികളെയും പിടികൂടിയശേഷം മാത്രം അറസ്റ്റ് രേഖപ്പെടുത്താനാണു ക്രൈംബ്രാഞ്ച് കാത്തിരിക്കുന്നതെന്നു കരുതുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയാൽ കോടതിയിൽ ഹാജരാക്കി പ്രതികൾ റിമാൻഡിലായാൽ പിന്നീട് കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമേ ചോദ്യം ചെയ്യലും തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും മറ്റും കണ്ടെത്തലും നടക്കുകയുള്ളൂ.
അതിനാലാണു പ്രതികളെ അറസ്റ്റ് ചെയ്തുവെന്നു രേഖപ്പെടുത്താത്തത് എന്നും പറയുന്നു.
ലോക്കൽ പോലീസിനെ അറിയിക്കാതെയാണു പ്രതികളെ അയ്യന്തോളിലെ ഫ്ളാറ്റിൽനിന്നു പിടികൂടിയത്. പിന്നീട് ഇവരെ പിപിഇ കിറ്റണിയിച്ച് കൊണ്ടുപോകുകയും ചെയ്തു.