അഞ്ചൽ: ബാങ്കിനു മുന്നിൽ ക്യൂ നിന്നയാൾക്ക് കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരിൽ പെറ്റി എഴുതി നൽകിയ പോലീസുദ്യോഗസ്ഥരേ ചോദ്യം ചെയ്ത പതിനെട്ടുകാരിയെ അസഭ്യം പറയുകയും പിന്നാലെ കേസെടുക്കുകയും ചെയ്ത് കേരള പോലീസ്.
‘മുഖത്തു നോക്കി സംസാരിക്ക് സാറേ’എന്നുച്ചത്തിൽ പറഞ്ഞുകൊണ്ട് പോലീസ് നടപടിയെ ചോദ്യം ചെയ്യുന്ന പെണ്‍കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് പെണ്‍കുട്ടിക്കെതിരേ പോലീസ് കേസെടുത്തത്.
പ്ലസ്ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന ചടയമംഗലം ഇടുക്കുപാറ സ്വദേശിയായ ഗൗരിനന്ദയ്ക്കെതിരേയാണു ചടയമംഗലം പോലീസ് കേസെടുത്തത്.
ചടയമംഗലം ഇന്ത്യൻ ബാങ്ക് ശാഖയ്ക്കു മുന്നിൽ കഴിഞ്ഞ ദിവസമാണു സംഭവം.
രാവിലെ സ്ഥലത്തെത്തിയ പോലീസ് കോവിഡ് ചട്ടം ലംഘിച്ചെന്ന പേരിൽ ക്യൂവിൽ നിന്ന ഒരാൾക്ക് പെറ്റി എഴുതി നൽകി. പെറ്റി ലഭിച്ചയാളും പോലീസും തമ്മിൽ തർക്കമുണ്ടാകുന്നതു കണ്ട ഗൗരിനന്ദ പ്രശ്നം തിരക്കി.
പോലീസുകാർക്ക് ഇതിഷ്ടപ്പെട്ടില്ല. അവർ കോവിഡ് മാനദന്ധം ലംഘിച്ചതിന് പെണ്‍കുട്ടിക്കെതിരേയും പിഴ ചുമത്താൻ ശ്രമിച്ചു.
ഇതിനെ ചോദ്യം ചെയ്ത പെണ്‍കുട്ടിയെ പോലീസ് അസഭ്യം പറഞ്ഞു. ഇതോടെ പെണ്‍കുട്ടി രൂക്ഷമായി പ്രതികരിക്കുകയും പിഴ ഈടാക്കാൻ നൽകിയ കാരണം കാണിക്കൽ പേപ്പർ കീറി എറിഞ്ഞുകൊണ്ട് പ്രതിഷേധിക്കുകയുമായിരുന്നു.
നിയന്ത്രണങ്ങളിലെ അശാസ്ത്രീയതയാണു കൂട്ടം കൂടാൻ കാരണം എന്നും പിഴ ഒടുക്കില്ലെന്നും പെണ്‍കുട്ടി വാദിച്ചു.
ഏറെനേരം പോലീസ് പെണ്‍കുട്ടിയുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. എസ്ഐമാരായ ശരത്ലാൽ, സലിം എന്നിവരാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്.
പെണ്‍കുട്ടിയും പോലീസ് ഉദ്യോഗസ്ഥരും തമ്മിൽ നടന്ന വാക്കുതർക്കം അടുത്തുണ്ടായിരുന്ന ചിലർ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു.
പോസ്റ്റ് വൈറൽ ആയതോടെയാണ് പോലീസ് പെണ്‍കുട്ടിക്കെതിരേ കേസെടുത്തത്. കേരള പോലീസ് ആക്ട് പ്രകാരവും കോവിഡ് ചട്ടം ലംഘിച്ചതിനുമാണ് പെണ്‍കുട്ടിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇതിനു പിന്നാലെ പെണ്‍കുട്ടി പോലീസിനെതിരേ യുവജന കമ്മീഷനിൽ പരാതി നൽകി. വാർത്ത വൈറലായതോടെ പോലീസിന്റെ ഫേസ്ബുക്ക് പേജിൽ യുവാക്കളുടെ പ്രതിഷേധ കമന്റുകൾ നിറയുകയാണ്.
കോവിഡ് മാനദണ്ഡം വച്ചുള്ള പോലീസിന്റെ ’അമിതാധികാരക്കളി’ക്കെതിരേയാണ് യുവാക്കളുടെ രോഷം.