തൃശൂർ: പെണ്ണുകാണാനെന്ന പേരിൽ വിളിച്ചുവരുത്തി പണവും സ്വർണാഭരണവും കവർച്ച ചെയ്യൽ പതിവാക്കിയ സംഘത്തെ തൃശൂർ ടൗണ് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട് കഞ്ചിക്കോട് ഈട്ടുങ്ങപ്പടി ബിനീഷ് (44), തിരുപ്പൂർ തോന്നാംപാളയം അംബേദ്കർ നഗർ അറുമുഖം എന്ന ശിവ (39), തേനി ആട്ടിപ്പെട്ടി കുമനൻതുളു പ്രകാശ് (40), തിരുപ്പൂർ മംഗളം റോഡ് കുറുവംപാളയം വിഘ്നേഷ് (23), തിരുപ്പൂർ മംഗളം റോഡ് ലിബ്രോ കോന്പൗണ്ട് മണികണ്ഠൻ (27), തിരുപ്പൂർ മാക്കലിയമ്മൻ തെരുവ് ശെന്തിൽ (42), തിരുപ്പൂർ മംഗളം റോഡ് സഞ്ജയ് (35) എന്നിവരെയാണു തൃശൂർ വെസ്റ്റ് സിഐ ജെ. പ്രസാദും സംഘവും അറസ്റ്റുചെയ്തത്.
പുനർവിവാഹം കഴിക്കുന്നതിനായി പത്രങ്ങളിൽ പരസ്യം നൽകുന്നവരും താരതമ്യേന പ്രായമായവരുമായ വ്യക്തികളെയാണ് ഇവർ ഇരകളായി കണ്ടെത്തുന്നത്.
തുടർന്നു ഫോണിലൂടെ ബന്ധപ്പെടുകയും തന്റെ സഹോദരിയെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്യും. തുടർന്ന് ഏതെങ്കിലും ഒരു സ്ത്രീയുടെ ഫോട്ടോ വാട്സ്ആപ്പ് വഴി അയച്ചു കൊടുക്കും.
തമിഴ്നാട്ടിൽ താമസിക്കുന്ന മലയാളി കുടുംബമാണെന്നും സഹോദരിയുടെ ഭർത്താവ് മരണപ്പെട്ടുവെന്നും കുട്ടികളോ ബാധ്യതകളോ ഇല്ലെന്നും മറ്റും പറഞ്ഞു വിശ്വാസം ആർജിക്കലാണ് അടുത്ത പടി.
രണ്ടോ മൂന്നോ ദിവസത്തിനുശേഷം, പൊള്ളാച്ചിയിലുള്ള കുടുംബക്ഷേത്രത്തിൽ ഗണപതിഹോമവും പൂജയും നടത്തുന്നതിനായി താനും കുടുംബാംഗങ്ങളും എത്തുന്പോൾ സഹോദരിയെ അവിടെയുള്ള ഫാം ഹൗസിൽവച്ച് കാണാമെന്നും അറിയിക്കുന്നു.
മൊബൈൽഫോണിലൂടെ പറഞ്ഞ കാര്യങ്ങൾ വിശ്വസിച്ച് പെണ്ണുകാണൽ ചടങ്ങിന് എത്തുന്നവരെ പൊള്ളാച്ചിക്കടുത്തുള്ള ആളൊഴിഞ്ഞ തെങ്ങിൻതോട്ടത്തിലേക്ക് അനുനയിച്ച് കൂട്ടിക്കൊണ്ടുപോകും.
ചതിയിൽ കുടുങ്ങിയതായി തിരിച്ചറിയുന്നതിനു മുന്പുതന്നെ, ഏതാനും ആളുകൾ അവരെ വളയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും.
തുടർന്ന് ഇരകളുടെ കൈകാലുകൾ ബന്ധിച്ച് മർദിച്ച് അവശരാക്കുകയും മൊബൈൽ ഫോണും പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയും പഴ്സും എടിഎം കാർഡുകളും കൈവശപ്പെടുത്തുകയും ചെയ്യുന്നതാണ് രീതി.
മരണഭയത്താൽ ഇവരുടെ കൈവശമുള്ള എല്ലാം നൽകാൻ നിർബന്ധിതരാവുന്നു. എടിഎം പിൻ വാങ്ങി പുറത്തുപോയി പണമെടുത്ത ശേഷമായിരിക്കും ഇവരെ വിട്ടയയ്ക്കുക.
തൃശൂർ സ്വദേശിയായ മധ്യവയസ്കനും അയാളുടെ അടുത്ത ബന്ധുവുമാണ് ഇത്തരത്തിലുള്ള അക്രമത്തിനിരയായി കബളിപ്പിക്കപ്പെട്ടത്.
കഴിഞ്ഞ മാർച്ച് പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്ണുകാണൽ ചടങ്ങിനു വിളിച്ചുവരുത്തി, കൈവശമുണ്ടായിരുന്ന ഏഴായിരം രൂപയും സ്വർണമോതിരവും മൊബൈൽഫോണുകളും പ്രതികൾ കവർന്നു. ഇവരിൽനിന്ന് എടിഎം കാർഡുകളും പിൻ നന്പറും കൈവശപ്പെടുത്തി നാലുലക്ഷത്തിലധികം രൂപ പിൻവലിക്കുകയും ചെയ്തിരുന്നു.