ന്യൂഡൽഹി: ഭിക്ഷാടനം നിരോധിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നു സുപ്രീംകോടതി. ദാരിദ്ര്യമാണ് മനുഷ്യനെ അതിജീവനത്തിനായി തെരുവിലേക്കിറങ്ങാൻ പ്രേരിപ്പിക്കുന്നത്.
ഭിക്ഷാടനം ഒരു ജീവനോപാധിയായി ആരും സ്വയമേ തെരഞ്ഞെടുക്കുന്നതുമല്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് രാജ്യവ്യാപകമായി പൊതുസ്ഥലങ്ങളിൽ ഭിക്ഷാടനം നിരോധിക്കണമെന്ന ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് സുപ്രീംകോടതി ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്.
കോവിഡ് പ്രതിസന്ധികാലത്ത് ഭിക്ഷാടനം നിരോധിച്ച് ഉത്തരവിറക്കാൻ കഴിയില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി.
ഇക്കാര്യത്തിൽ കോടതിക്ക് വരേണ്യവിഭാഗ മനോഭാവം വച്ചുപുലർത്താൻ കഴിയില്ലെന്നും ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവർ ഉൾപ്പെട്ട ബെഞ്ച് വിശദീകരിച്ചു.
ഭിക്ഷാടനം നിരോധിക്കണമെന്ന ആവശ്യം പരിഗണിക്കാനാകില്ല. ഭിക്ഷാടനം സാമൂഹ്യ-സാന്പത്തിക പ്രശ്നത്തിന്റെ പരിണ തഫലമാണ്. ആരും ഭിക്ഷയെടുക്കാനാഗ്രഹിക്കുന്നില്ല.
മാത്രമല്ല, ഇത് സർക്കാരിന്റെ സാമൂഹ്യക്ഷേമ നയങ്ങളുടെ പ്രശ്നംകൂടിയാണ്. ഭിക്ഷാടകരെ കണ്മുന്നിൽ കണ്ടുപോകരുത് എന്നൊന്നും നിർദേശിക്കാൻ കഴിയില്ലെന്നും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി.
ഭിക്ഷാടകരെ വിലക്കണമെന്ന് വാശിപിടിക്കരുതെന്ന് ജസ്റ്റീസ് എം.ആർ ഷായും പറഞ്ഞു.
തുടർന്ന്, ഭിക്ഷാടനം വിലക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നില്ലെന്ന് ഹർജിക്കാരനായ കുഷ് കൽറയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ചിൻമോയ് പ്രദീപ് ശർമ പറഞ്ഞു.
എന്നാൽ, ഭിക്ഷാടകരെ പുനരധിവസിപ്പിച്ചു മെച്ചപ്പെട്ട വൈദ്യസഹായം ഉൾപ്പെടെ നൽകണമെന്ന ആവശ്യം പരിഗണിക്കണം.
ഇക്കാര്യം അംഗീകരിച്ച സുപ്രീംകോടതി ഭിക്ഷാടകരെ പുനരധിവസിപ്പിക്കൽ, അവർക്കു കോവിഡ് വാക്സിൻ ലഭ്യമാക്കൽ എന്നീ കാര്യങ്ങളിൽ കേന്ദ്രസർക്കാരിനും ഡൽഹി സർക്കാരിനും നോട്ടീസയച്ചു.
സെബി മാത്യു