പലരും കുട്ടികളുടെ എണ്ണം കുറയ്ക്കാനും കുട്ടികളെത്തന്നെ വേണ്ടെന്നു വയ്ക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍ തികച്ചും വ്യത്യസ്ഥയാകുകയാണ് ഒരു റഷ്യന്‍ മാതാവ്.
23 വയസുള്ള ക്രിസ്റ്റീന ഓസ്തുര്‍ക്ക് എന്ന യുവതി നിലവില്‍ 11 കുട്ടികളുടെ അമ്മയാണ്. പക്ഷേ അവരുടെ ആഗ്രഹം ചെറുതല്ല. തനിക്ക് കുറഞ്ഞത് 105 മക്കളെങ്കിലും വേണം എന്നതാണ് അവരുടെ ആഗ്രഹം.
ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് 105 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുക വഴി ഒരു ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ക്രിസ്റ്റീനയും 56 വയസ്സുള്ള ഭര്‍ത്താവ് ഗാലിപ് ഓസ്തുര്‍ക്കും.
ഇതിനായി അവര്‍ വാടക ഗര്‍ഭധാരണം (സറോഗസി) തിരഞ്ഞെടുക്കാനും തീരുമാനിച്ചിരിക്കുകയാണ്. ഇരുവരുടേയും നിലവിലുള്ള 11 കുട്ടികളില്‍, മൂത്ത മകളായ വിക്ക സ്വാഭാവിക രീതിയിലാണ് ജനിച്ചത്.
അതേസമയം, ബാക്കിയുള്ളവരെല്ലാം തന്നെ വാടക ഗര്‍ഭധാരണത്തിലൂടെയാണ് ജനിച്ചതെന്നാണ് റിപ്പോര്‍ട്ട്. മാതൃത്വം ഒരു ലഹരി ആണെന്നും താനും ഭര്‍ത്താവും കുട്ടികളുടെ സന്തോഷകരമായ കളി ചിരികള്‍ ആസ്വദിക്കാന്‍ തങ്ങളുടെ വീട്ടില്‍ത്തന്നെ തുടരുകയുമാണെന്നാണ് ക്രിസ്റ്റീന പറയുന്നത്.
ജോര്‍ജിയയിലെ ബറ്റുമയില്‍ ആണ് ഈ കോടീശ്വര ദമ്പതികള്‍ താമസിക്കുന്നത്. കൂടുതല്‍ സറോഗസി ഓപ്ഷനുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവര്‍ ഇപ്പോള്‍.
അവരുടെ ഏറ്റവും ചെറിയ കുഞ്ഞ്, ബൊളീവിയ എന്ന പെണ്‍കുട്ടി 2021 ജനുവരി 16 നാണ് ജനിച്ചത്. ഈ ദമ്പതികള്‍ അവരുടെ ഈ വിശാലമായ കുടുംബത്തിന്റെ ഫോട്ടോകള്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പതിവായി അപ്ലോഡ് ചെയ്യുന്നുമുണ്ട്.