കാട്ടാക്കട: കോവിഡിൽ ജീവിതം വഴിമുട്ടിയ ക്ഷീരകർഷകൻ ജീവനൊടുക്കി. വിളപ്പിൽശാല ചൊവ്വള്ളൂർ മരയ്ക്കാട്ടുകോണം അഭിലാഷ് ഭവനിൽ ശ്രീകാന്ത് എന്ന അഭിലാഷ് (36) ആണ് പണി പൂർത്തിയാകാത്ത സ്വന്തം വീടിന്റെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്.
പശുവളർത്തിയും സമീപ വീടുകളിലും കാരോട് ക്ഷീര സഹകരണ സംഘത്തിലും കറവയ്ക്ക് പോയും പാട്ടത്തിനെടുത്ത ഭൂമിയിൽ മരച്ചീനി, വാഴ, പച്ചക്കറികൾ എന്നിവ കൃഷി ചെയ്തുമാണ് അഭിലാഷ് കുടുംബം പുലർത്തിയിരുന്നത്. ഇതിനിടയ്ക്കാണ് കോവിഡും തുടർന്നുണ്ടായ ലോക്ഡൗണും വില്ലനായത്.
കറവയ്ക്ക് പോകുന്ന വീട്ടുകാർ പശുക്കളെ വിറ്റതോടെ അഭിലാഷിന് തൊഴിൽ നഷ്ടമായി. വായ്പ എടുത്തും പലരിൽ നിന്ന് കടം വാങ്ങിയും അഭിലാഷ് വാങ്ങി പരിപാലിച്ചിരുന്നതിൽ അഞ്ചോളം പശുക്കൾ ചത്തുവീണു. ഇവയ്ക്ക് ഇൻഷുറൻസ് ഇല്ലാത്തതിനാൽ നഷ്ടപരിഹാരവും കിട്ടിയില്ല.
പാട്ടത്തിനെടുത്ത ഭൂമിയിലെ കൃഷി മഴയും കാറ്റും നശിപ്പിച്ചു. അഭിലാഷ് കടക്കെണിയിലുമായി. കാരോട് ക്ഷീരസംഘത്തിലെ പശുക്കളെ പരിപാലിച്ചു കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് ഇത്രനാൾ കുടുംബത്തെ പട്ടിണിയിലാക്കാതെ പിടിച്ചു നിന്നത്. പക്ഷേ, വായ്പ തിരിച്ചടവ് മുടങ്ങി.
കടക്കാർക്ക് പലിശ നൽകാനും ഈ വരുമാനം തികയുമായിരുന്നില്ല.വർഷങ്ങളായി വാടക വീട്ടിൽ കഴിഞ്ഞിരുന്ന അഭിലാഷ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് അടുത്തിടെയാണ് രണ്ട് മുറിയും ഹാളും അടുക്കളയും മാത്രമുള്ള ഒരു വീടു പണിതത്. പണി പൂർത്തിയാകാത്ത വീട്ടിൽ കഴിഞ്ഞ 11നാണ് ഇവർ താമസം തുടങ്ങിയത്.
ഈ വീട്ടിലേക്ക് താമസം മാറി രണ്ടാഴ്ച പിന്നിട്ട കഴിഞ്ഞ ഞായറാഴ്ച അതേ വീട്ടിലെ കിടപ്പുമുറിയിൽ അഭിലാഷ് ഒരു മുഴം കയറിൽ ജീവനൊടുക്കുകയായിരുന്നു. ബാങ്ക് വായ്പയും പലരിൽ നിന്നു വാങ്ങിയ കടവുമായി 12 ലക്ഷത്തിലധികമാണ് അഭിലാഷിന്റെ ബാധ്യത. വായ്പ തിരിച്ചടവ് മുടങ്ങിയതും കടക്കാരുടെ ശല്യവും ആ ചെറുപ്പക്കാരനെ മനസികമായി തകർത്തു.
സൗമ്യയാണ് അഭിലാഷിന്റെ ഭാര്യ. വിളപ്പിൽശാല യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി കാശിനാഥ്, നഴ്സറിയിൽ പഠിക്കുന്ന നാലു വയസുകാരൻ കാർത്തിക് എന്നിവരാണ് അഭിലാഷിന്റെ മക്കൾ.കർഷകരായ പങ്കജാക്ഷൻ നായരുടെയും ബേബിയുടെയും മൂത്തമകനാണ് അഭിലാഷ്.
അച്ഛനമ്മമാരുടെ പാതയിൽ അഭിലാഷിനും കൃഷിയോടായിരുന്നു താൽപര്യം. കഠിനാധ്വാനിയും നാട്ടുകാരുടെ എന്താവശ്യത്തിനും ഓടിയെത്തുന്ന അഭിലാഷിന്റെ മരണം നാടിനെയാകെ സങ്കടത്തിലാക്കി.