തലശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന തലശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീ(68)ന്റെ രണ്ടാമത്തെ ലൈംഗിക ക്ഷമതാ പരിശോധന ഇന്നലെ നടന്നു.
രാവിലെ പതിനൊന്നിന് ആരംഭിച്ച പരിശോധന രണ്ട് മണിക്കൂർ നീണ്ടു നിന്നു. അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുലയുടെ ഉത്തരവ് പ്രകാരം ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഫിസിഷ്യൻ, സർജൻ, സൈക്യാട്രിസ്റ്റ്, ഫോറൻസിക് സർജൻ തുടങ്ങിയ വിദഗ്ധ ഡോക്ടർമാരടങ്ങിയ ആറംഗ സംഘമാണ് പരിശോധന നടത്തിയത്.
പരിശോധനാ റിപ്പോർട്ട് സീൽ ചെയ്ത കവറിൽ ഇന്ന് കോടതിക്ക് മുമ്പാകെ എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഏറെ വിവാദമുയർത്തിയ ലൈംഗിക ക്ഷമതാ റിപ്പോർട്ട് കേസിൽ നിർണായകമാകും.തലശേരി ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പ്രതിക്ക് ലൈംഗിക ക്ഷമതയില്ലെന്ന റിപ്പോർട്ട് വിവാദമായതിനെ തുടർന്നാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ച് ലൈംഗിക ക്ഷമതാ പരിശോധന നടത്താൻ കോടതി ഉത്തരവിട്ടത്.
കഴിഞ്ഞ ഇരുപത്തിയെട്ട് ദിവസമായി റിമാൻഡിൽ കഴിയുന്ന ഷറാറ ഷറഫുവിന്റെ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. ഇതിനിടയിൽ ഷറാറ ബംഗ്ലാവിനു നേരെ നടന്ന അക്രമത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കേസിൽ അറസ്റ്റിലായി കൈക്കുഞ്ഞിനോടൊപ്പം റിമാൻഡിൽ കഴിയുന്ന രണ്ടാം പ്രതിയുടെ ജാമ്യ ഹർജിയിൽ ഇന്ന് വാദം നടക്കും.
പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതൃസഹോദരി കൂടിയായ പ്രതിയുടെ ജാമ്യ ഹർജിയിലാണ് ഇന്ന് വാദം നടക്കുക. ഇരുപത്തിയൊന്ന് ദിവസമായി യുവതി കുത്തിനോടൊപ്പം ജയിലിലാണുള്ളത്.മാർച്ച് 25നായിരുന്നു കേസിനാസ്പദമായ സംഭവം. ജൂൺ 28 നാണ് ധർമടം സിഐയായിരുന്ന അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഷറാറ ഷറഫുവിനെ അറസ്റ്റ് ചെയ്തത്.