സ്വന്തം ലേഖകൻ
തലശേരി: പെരുന്നാൾ തലേന്ന് ആഘോഷ തിമിർപ്പിൽ ആഢംബര കാറിൽ യുവാക്കൾ നടുറോഡിൽ നടത്തിയ അഭ്യാസ പ്രകടനത്തിൽ ബിടെക് വിദ്യാർഥിയായ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിൽ അഫ്ലാഹ് ഫറാസ് (19) മരിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും അന്വേഷണമാരംഭിച്ചു.
ഫറാസിന്റെ ജീവൻ കവർന്ന പെജേറോ കാർ ഓൾട്ടറേഷൻ ചെയ്തതാണെന്ന് കണ്ടെത്തി. കാറിന്റെ ടയറുകൾ ബോഡിക്ക് പുറത്തേക്ക് തള്ളിയ നിലയിലാണുള്ളത്.
അപകടം ഉണ്ടാക്കിയ പെജേറോ കാറും അതുമായി ബന്ധപ്പെട്ടവരും വാഹന ഓൾട്ടറേഷൻ മാഫിയയിലെ കണ്ണികളാണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.
ലഹരിക്കടിമപ്പെട്ട് ഓൾട്ടറേഷൻ ചെയ്ത ആഢംബര വാഹനങ്ങളിൽ ഡ്രിഫ്റ്റും ബേൺ ഔട്ടും ഉൾപ്പെടെ അഭ്യാസ പ്രകടനങ്ങൾ ഹരമാക്കി മാറ്റിയ മാഫിയ സംഘം കേരളത്തിൽ സജീവമാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഈ സംഘത്തിനെതിരെ കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറായിരുന്ന രാജീവ് പുത്തലത്തിന്റെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പ് കർശന നടപടികൾ സ്വീകരിക്കുകയും നിരവധി വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഇത്തരം സംഘങ്ങളുമായി തലശേരി സംഭവത്തിലെ യുവാക്കൾക്ക് ബന്ധമുണ്ടെന്ന സംശയവും ഉയർന്നിട്ടുണ്ട്. അപകടം നടന്നതിനു തൊട്ട് മുമ്പുള്ള രണ്ട് ദിവസവും പെജേറോ കാറ് തലശേരി നഗരത്തിൽ അമിത വേഗതയിൽ പറക്കുകയും അഭ്യാസ പ്രകടനങ്ങൾ നടത്തുകയും ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു.