മാത്യു കല്ലടിക്കോട്
കല്ലടിക്കോട്: ട്രോമകെയർ വനിതാ ഘടകം ജില്ലാ കോ-ഓഡിനേറ്ററായ നീലവേണിക്ക് മുന്നിൽ മലകളും കോവിഡും തോറ്റു പോകും.ഓടി നടത്തമാണ് ഇഷ്ടം. മനോഹരവും ശാന്തസുന്ദരവുമായ പ്രദേശങ്ങൾ കാണാനുള്ള നടത്തമല്ല ഇത്. മലവെള്ളം താണ്ടി കുന്നുകൾ കയറി കാടിന്റെ മക്കളെ പരിചരിക്കാനാണ് ഈ നടത്തം.
കാട്ടിലെ ഏത് ദുഷ്കര യാത്രയും പിന്നിട്ട് ജനങ്ങൾക്ക് സേവനവും സഹായവുമായിട്ടെത്തുന്ന ഈ പാലക്കയംകാരിയെ പലയിടങ്ങളിലായി നിങ്ങൾക്ക് കാണാം.മഹാമാരിക്കാലത്ത് സാമൂഹിക സേവനങ്ങളിൽ നിറ സാന്നിധ്യമാണ് നീലവേണി. ട്രോമ കെയർ കോഡിനേറ്ററായും കോവിഡ് കാലത്ത് സ്പെഷ്യൽ പോലീസ് സേവകയായും.
ആരോഗ്യ സംവിധാനങ്ങൾ ഉൗരുകളിൽ എത്തിക്കുന്നവളായും കുട്ടികൾക്ക് പഠനോപകരണവും ഭക്ഷണകിറ്റ് എത്തിക്കാനും അങ്ങനെ പല വേഷത്തിൽ നീലവേണിയെ കാണാം.അസാധ്യമായിട്ടൊന്നുമില്ല എന്നാണ് നീലവേണിയുടെ നിലപാട്.
തച്ചന്പാറ പഞ്ചായത്തിലെ ആശ വർക്കർ കൂടിയാണ് ഇവർ.
ആരോഗ്യ പ്രവർത്തകർ, പോലീസ്, ഫയർഫോഴ്സ് തുടങ്ങിയവർക്കൊപ്പം കൂട്ടായി ഇവരുണ്ടാകും. സേവനത്തിനു മുന്പിൽ മലവെള്ളത്തിന്റെ കുത്തൊഴുക്കും കുതിർന്ന് നിൽക്കുന്ന മലയും ഇവർക്ക് നിസാരമാണ്.പഞ്ചായത്തും സ്കൂളുമായി ചേർന്ന് വിവിധ സന്നദ്ധ പ്രവൃത്തികളുടെ കോഡിനേറ്ററായും പ്രവർത്തിക്കുന്നു.
ഈ ലോക്ക്ഡൗണിലും ഒറ്റപ്പെട്ട് കഴിയുന്ന കുടുംബങ്ങൾക്ക് മരുന്നുകളും മറ്റും എത്തിക്കാൻ കഴിഞ്ഞത് നീലവേണിക്ക് ധന്യമായ നിമിഷങ്ങളായിരുന്നു.നിലവിൽ സാമൂഹ്യ പ്രവർത്തനത്തിനായി എപ്പോൾ എവിടെ എത്തേണ്ടി വന്നാലും ആ ചുമതല അനായാസം ഏറ്റെടുക്കും.