കൊച്ചി, കൂത്താട്ടുകുളം: ഇലഞ്ഞി പൈങ്കുറ്റിയിൽ നിർമിച്ച കള്ളനോട്ടുകൾ കൂടുതലും തമിഴ്നാട്ടിലാണു വിതരണം ചെയ്തതെന്നു പോലീസ്.
പ്രതികള്‍ അറസ്റ്റിലാകുന്നതിനു തൊട്ടുമുന്പുവരെ കള്ളനോട്ടുകള്‍ തമിഴ്നാട്ടിലേക്കു കടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.
കേരളത്തില്‍ ഇവ അധികം വിതരണം ചെയ്തിട്ടില്ലെന്നാണു സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്കു വ്യാപിപ്പിച്ചു.
ചൊവ്വാഴ്ച അറസ്റ്റിലായ ഏഴ് പ്രതികളെയും മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പൈങ്കുറ്റിയിൽ ഇരുനില വീട് വാടകയ്ക്കെടുത്തായിരുന്നു കള്ളനോട്ട് നിർമാണം. വാടക കാലാവധി പൂര്‍ത്തിയാകും മുമ്പ് 30 കോടി രൂപയുടെ വ്യാജ കറന്സികളെങ്കിലും നിര്‍മിച്ച് തമിഴ്നാട്ടിലേക്ക് കടത്താന്‍ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതായും പ്രതികള്‍ക്ക് സംസ്ഥാനത്തിനു പുറത്തെ കള്ളനോട്ടടി സംഘങ്ങളുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
നിർമിക്കുന്ന കള്ളനോട്ടുകൾ ബാങ്കുകളിൽ നേരിട്ടു നൽകാതിരിക്കാൻ പ്രതികൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കച്ചവട സ്ഥാപനങ്ങളിലൂടെയും മറ്റ് ഇടപാടുകളിലൂടെയുമായിരുന്നു വിനിയോഗം.
പ്രതികളുടെ സാമ്പത്തിക ഇടപാടുകളും ബന്ധങ്ങളും പോലീസ് അന്വേഷിച്ചുവരികയാണ്. ഒറിജിനൽ നോട്ടുകളോടു കിടപിടിക്കുന്ന കള്ളനോട്ടുകള്‍ അച്ചടിക്കാനുള്ള സംവിധാനങ്ങൾ പ്രതികള്‍ ഒരുക്കിയിരുന്നു.
പ്രതികളെ എന്‍ഐഎ ചോദ്യം ചെയ്തേക്കും. പിടികൂടിയ നോട്ടുകളുടെ നിലവാരം നോക്കി ഒന്നാം ക്ലാസ് വിഭാഗത്തിൽ പെട്ടതാണെങ്കിൽ കേസ് എൻഐഎ ഏറ്റെടുക്കും.
പ്രതികൾക്കു ദേശവിരുദ്ധ ശക്തികളുമായി ബന്ധമുണ്ടോയെന്നു തീവ്രവാദ വിരുദ്ധസേനയും പരിശോധിക്കുന്നുണ്ട്.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ മേൽനോട്ടത്തിൽ കൂത്താട്ടുകുളം സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ. മോഹൻദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് നിലവിൽ അന്വേഷണ ചുമതല.
നെടുങ്കണ്ടം മൈനർ സിറ്റി കിഴക്കേതിൽ സുനിൽ കുമാർ (40), റാന്നി കരികുളം കാവുങ്കൽ മധുസൂദനൻ (48), വണ്ടിപ്പെരിയാർ ധനുഷ് ഭവൻ തങ്ക മുത്തു (60), സ്റ്റീഫൻ (33), ഇഞ്ചിക്കാട്ട് എസ്റ്റേറ്റിൽ ആനന്ദ് (24), കോട്ടയം കിളിരൂർ ചെറുവളളിത്തറ ഫാസിൽ (34), തൃശൂർ പീച്ചി വാഴയത്ത് ജിബി (36) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ സുനിൽ കുമാറാണ് സംഘത്തിലെ പ്രധാനി. കള്ളനോട്ട് വിതരണവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരേ തൃശൂർ, വണ്ടിപ്പെരിയാർ, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലായി അഞ്ചോളം കേസുകൾ ഉണ്ടായിരുന്നു.
സമാനകേസിൽ പിടിക്കപ്പെട്ടിട്ടുള്ള മധുസൂദനനാണ് സംഘാംങ്ങളെ തമ്മിൽ ഏകോപിപ്പിച്ചിരുന്നത്.
റെയ്ഡ് വിവരമറിഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ച മധുസൂദനനെ അങ്കമാലിയിൽനിന്നാണ് പിടികൂടിയത്.
റിമാന്‍ഡ് ചെയ്ത പ്രതികളെ കോവിഡ് പരിശോധനയ്ക്കുശേഷം കാക്കനാട് ജില്ലാ ജയിലിന് സമീപമുള്ള ബോസ്റ്റണ്‍ സ്കൂളിലെ നിരീക്ഷണ കേന്ദ്രത്തിലേക്കാണു മാറ്റിയിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്നു പോലീസ് പറഞ്ഞു.