അട്ടേങ്ങാനം: പഞ്ചായത്തിലെ പരിശോധനാക്യാമ്പില്‍ പങ്കെടുത്ത ഭാര്യയ്ക്ക് കോവിഡ് പോസിറ്റീവായതറിയാതെ പശുവിന് പുല്ലരിയാന്‍പോയ ഭര്‍ത്താവിന് പോലീസ് 2,000 രൂപ പിഴ ചുമത്തി.
അട്ടേങ്ങാനം പാറക്കല്ലിലെ കൂലിത്തൊഴിലാളിയായ നാരായണനാണ് നിയമത്തിന്റെ കാര്‍ക്കശ്യം അനുഭവിക്കേണ്ടിവന്നത്.
ആറുമാസംമുമ്പ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന നാരായണന് കൂലിവേലയ്ക്ക് പോകാനാവാത്ത അവസ്ഥയിലാണ്.
ഭാര്യ ശൈലജ തൊഴിലുറപ്പ് ജോലിക്ക് പോയിട്ടും വീട്ടില്‍ വളര്‍ത്തുന്ന പശുവിന്റെ പാല് വിറ്റും കിട്ടുന്ന വരുമാനമാണ് ആകെയുള്ളത്.
പശുവിന് പുല്ലരിയാനും ഇരുവരും പോകാറുണ്ടായിരുന്നു. മില്‍മയിലും മറ്റും പാല് കൊണ്ടുകൊടുക്കാന്‍ ശൈലജയാണ് പോയിരുന്നത്.
ഇങ്ങനെ പോയി മടങ്ങുന്നതിനിടെയാണ് കുഞ്ഞികൊച്ചിയില്‍ നടന്ന പരിശോധനാക്യാമ്പില്‍ പങ്കെടുത്തത്.
ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം വരുന്നതിനുമുമ്പ് പുറത്തൊന്നും പോകരുതെന്ന് പറഞ്ഞതിനാല്‍ അടുത്ത ദിവസം പുല്ലരിയാന്‍ നാരായണനാണ് പോയത്.
തിരിച്ചുവരുമ്പോഴേക്കും ശൈലജയ്ക്ക് കോവിഡ് പോസിറ്റീവാണെന്ന വിവരം ലഭിച്ചിരുന്നു. നാരായണന് പുറത്തുപോയിരിക്കുകയാണെന്ന് അറിഞ്ഞതോടെ ആരോഗ്യവിഭാഗത്തിലെ ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നുവെന്ന് പറയുന്നു.
തുടര്‍ന്ന് അമ്പലത്തറ പോലീസ് വീട്ടിലെത്തിയാണ് 2,000 രൂപ പിഴയിട്ടത്. വയോധികയും രോഗിയുമായ അമ്മയും സ്കൂള്‍ വിദ്യാര്‍ഥികളായ രണ്ട് മക്കളുമടങ്ങുന്ന ഈ കുടുംബം ചെറിയ മഴ പെയ്യുമ്പോള്‍ പോലും ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് കഴിയുന്നത്.
സിപിഎം പാറക്കല്ല് ബ്രാഞ്ചംഗം കൂടിയായ നാരായണന്റെ കൈയില്‍ പിഴയടക്കാന്‍ പോലും പണമില്ലെന്നറിയാവുന്ന നാട്ടുകാര്‍ പിരിവെടുത്താണ് ഒടുവില്‍ പിഴയടച്ചത്.
ക്യാമ്പില്‍ പങ്കെടുത്തതുകൊണ്ടുമാത്രം പോസിറ്റീവാണെന്ന് അറിഞ്ഞെങ്കിലും ശൈലജയ്ക്ക് രോഗലക്ഷണങ്ങളൊന്നുമില്ല.