harരാജേഷ് ചേർത്തല
ഹരികൃഷ്ണയുടെ കാമുകനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ രതീഷ് പ്രകോപിതനായി. മദ്യലഹരി അയാളിലെ ക്രിമിനലിനെ തൊട്ടുണർത്തിയിരുന്നു.
ബന്ധത്തിൽനിന്നു പിന്മാറില്ലെന്ന ഹരികൃഷ്ണയുടെ നിലപാടിൽ കോപാകുലനായി അയാൾ മർദനം അഴിച്ചുവിട്ടു. അതിനിടയിലാണ് ജനാലയിൽ തലയടിച്ച് അവൾ താഴേക്കു വീഴുന്നത്.
അതുകണ്ടിട്ടും അയാൾക്കു മനഃസ്താപമൊന്നും ഉണ്ടായില്ല. കലികയറിയ അയാൾ ക്രൂരതയുടെ ആൾരൂപം പൂണ്ടിരുന്നു.
ബോധമറ്റു കിടക്കുന്ന ഹരികൃഷ്ണയെ പ്രാപിക്കാനയാൾ തീരുമാനിച്ചു. അങ്ങനെ അവളെ മാനഭംഗപ്പെടുത്തി. അനക്കമില്ലാതെ കിടക്കുന്ന അവൾ മരിച്ചുകാണുമെന്ന് അയാൾ കരുതി.
കുഴിച്ചിടാൻ നീക്കം
മൃതദേഹം ഇങ്ങനെ ഇട്ടിട്ടുപോയാൽ ശരിയാവില്ലെന്നു തോന്നിയതിനാലാവും കുഴിച്ചിടാൻ തീരുമാനിച്ചു. അതിനായി വീടിനു പിന്നിലേക്കു ഹരികൃഷ്ണയെ വലിച്ചുകൊണ്ടുപോയി.
അങ്ങനെ ശരീരം മുറ്റത്ത് എത്തിച്ചു. ഇതിനിടയിൽ ഹരികൃഷ്ണയുടെ ശരീരം ഒന്നനങ്ങി. അവൾ മരിച്ചിട്ടില്ലെന്നു കണ്ടതോടെ രക്ഷിക്കാനല്ല അയാൾക്കു തോന്നിയത്, മരണത്തിലേക്കു തള്ളിവിടാനാണ്.
ക്രൂരമായൊരു ആനന്ദത്തോടെ അയാൾ അവളുടെ നെഞ്ചിന് ആഞ്ഞുചവിട്ടി. അതോടെ അവളിൽ അവശേഷിച്ചിരുന്ന ജീവൻ കൂടി വേർപെട്ടു.
കുഴിച്ചിടാനുള്ള നീക്കം നടത്തുന്നതിനിടെ ശക്തമായ മഴ ആരംഭിച്ചു. അതോടെ കുഴിച്ചിടൽ അത്ര എളുപ്പമാകില്ല എന്നയാൾക്കു തോന്നി
. ചുറ്റുപാടും നോക്കി. ശരീരം ഇവിടെ ഇട്ടിട്ടുപോയാൽ പെട്ടെന്ന് ആളുകളുടെ ശ്രദ്ധയിൽ വന്നക്കാമെന്നു തോന്നിയിട്ടാവണം വീണ്ടും വീടിനുള്ളിലേക്കു വലിച്ചുകൊണ്ടുപോകാനുള്ള ശ്രമം തുടങ്ങി.
ഏതാനും മിനിറ്റ് നേരത്തെ ശ്രമത്തിനു ശേഷം അവളുടെ മൃതദേഹം വീണ്ടും വീടിനുള്ളിൽ എത്തിച്ചു. ഇതേസമയം, മുറ്റത്തെ മണലും മറ്റും അവളുടെ ശരീരത്തിലും വസ്ത്രത്തിലുമെല്ലാം പുരണ്ടിരുന്നു. കുറെയൊക്കെ തൂത്തുകളഞ്ഞു. ഉലഞ്ഞഴിഞ്ഞുപോയ വസ്ത്രമെല്ലാം നേരെയാക്കി ഇട്ടു.
അല്പനേരം കൂടി അവിടെ ചെലവഴിച്ച ശേഷം മുറിയും പരിസരവുമെല്ലാം ഒന്നുകൂടി വീക്ഷിച്ചു. സംശയകരമായി ഒന്നുമില്ല എന്നുറപ്പിച്ച ശേഷം വീട് പുറത്തുനിന്നു പൂട്ടി അതിവേഗം സ്ഥലംവിട്ടു.
വ്യാപക തെരച്ചിൽ
ഇതിനകം, കാണാതായ ഹരികൃഷ്ണയ്ക്കു വേണ്ടി ബന്ധുക്കളും പ്രിയപ്പെട്ടവരും പോലീസുമെല്ലാം തെരച്ചിലും അന്വേഷണവും ശക്തമാക്കിയിരുന്നു.
മകള്‍ രാത്രി വീട്ടിൽ എത്താഞ്ഞതിനാല്‍ നാട്ടുകാരോടൊക്കെ അന്വേഷിച്ച് ഉറക്കമില്ലാതെ വെള്ളിയാഴ്ച രാത്രി മുഴുവനും മാതാപിതാക്കള്‍ ഒരു വിധത്തിൽ തള്ളിനീക്കി. അവള്‍ക്ക് ഒന്നും സംഭവിക്കരുതേയെന്നു ഉറക്കമിളച്ചിരുന്നു പ്രാർഥിച്ചു. ശനിയാഴ്ച രാവിലെതന്നെ ഉല്ലാസ് പട്ടണക്കാട് പോലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തി.
അവളെ അന്വേഷിച്ചു രതീഷിനെ വിളിച്ച കാര്യവും അയാൾ പറഞ്ഞ മറുപടിയും പോലീസിനോടും പറഞ്ഞു. വീണ്ടും രതീഷിനെ ബന്ധപ്പെടാൻ നോക്കിയിട്ടു ലഭിക്കുന്നില്ല.
രതീഷിന്റെ വീട്ടിൽ അവൾ കാണാനുള്ള സാധ്യതയുണ്ടെന്ന സംശയം ശക്തമായി. രതീഷിന് അവളുടെ തിരോധാനത്തിൽ പങ്കുണ്ടെന്നു ബന്ധുക്കൾക്കും തോന്നിത്തുടങ്ങിയിരുന്നു.
വീട്ടിൽ കണ്ടത്
ഇതോടെ രതീഷിന്റെ വീടു പരിശോധിക്കാൻ പോലീസ് തീരുമാനിച്ചു. പോലീസും ഹരികൃഷ്ണയുടെ ബന്ധുക്കളും രതീഷിന്റെ വീട്ടിലെത്തി.
വീട് അപ്പോഴും പൂട്ടിക്കിടക്കുകയായിരുന്നു. തുടർന്നു വീടിന്റെ പൂട്ടുതുറന്ന് അകത്തുകയറി. മുറികളിൽ നടത്തിയ പരിശോധനയിൽ അവർ ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടു. കിടപ്പുമുറിയോടു ചേർന്നുള്ള മുറിയുടെ തറയിൽ ഹരികൃഷ്ണയുടെ ശരീരം.
അവൾ മരിച്ചിട്ടു മണിക്കൂറുകളായെന്നു വ്യക്തമായി. പോലീസ് മൃതദേഹം പരിശോധിച്ചു. പ്രത്യക്ഷത്തിൽ വലിയ മുറിവുകളൊന്നും ശരീരത്തിൽ കണ്ടില്ല.
പക്ഷേ, ചെരിപ്പു ധരിച്ച മൃതദേഹത്തിൽ ഉണ്ടായിരുന്ന വസ്ത്രങ്ങളും ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറ്റത്തെ മണൽ പറ്റിപ്പിടിച്ചിരിക്കുന്നതു കണ്ടതോടെ സംഭവത്തിൽ ദുരൂഹതയുണ്ടെന്നു വ്യക്തമായി.
രതീഷിനെ വീട്ടിലും പരിസരത്തും അന്വേഷിച്ചെങ്കിലും അയാളെ കാണാനായില്ല. അയാൾക്ക് ഇതിൽ പങ്കുണ്ടെന്നും ഫോൺ സ്വിച്ച് ഒാഫ് ചെയ്തു മുങ്ങിയെന്നും പോലീസിനു മനസിലായി. ഇതോടെ രതീഷിനായി തെരച്ചിൽ തുടങ്ങി.
അയാൾ ജില്ല വിട്ടെന്ന സൂചനകൾ ലഭിച്ചു. ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ജില്ലാ അതിര്‍ത്തികളിലും റെയില്‍വേ സ്റ്റേഷനുകളിലും നിരീക്ഷണവും ഏര്‍പ്പെടുത്തി കാത്തിരുന്നു.
ഒളിസ്ഥലം തേടി
ചങ്ങനാശേരി, മുത്തൂര്‍, പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളിലെ ബന്ധു വീടുകളില്‍ ഇയാൾ എത്താനുള്ള സാധ്യത കണക്കിലെടുത്തു മഫ്തിയില്‍ അന്വേഷണോദ്യോഗസ്ഥര്‍ അവിടങ്ങളിലും എത്തിയിരുന്നു.
മംഗളൂരുവിലെ സുഹൃത്തിന്റെ അടുത്തേക്കു കടന്നേക്കാമെന്ന സൂചനയെത്തുടര്‍ന്ന് അവിടേക്കു പുറപ്പെടാനും പോലീസ് തയാറെടുത്തിരുന്നു.
മൊബൈല്‍ ഫോണ്‍ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളുംകേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിനിടയില്‍ വൈകുന്നേരം പോലീസിനു വിദേശത്തുനിന്ന് ഒരു അജ്ഞാത ഫോണ്‍ സന്ദേശം എത്തി.
പ്രതി ഒളിവിലുള്ള വാരനാട് ചെങ്ങണ്ടയിലെ ബന്ധുവീടിന്റെ സ്ഥലത്തെക്കുറിച്ചുള്ള സൂചനയായിരുന്നു അത്.
പിന്നെ ഒരു നിമിഷം പോലും കളയാതെയായിരുന്നു പോലീസ് നീക്കം. ഉടൻ സ്ഥലത്ത് എത്തിയ പോലീസ് അയാൾ തന്പടിച്ചിരുന്ന ചെങ്ങണ്ടയിലെ ഒളിത്താവളം വളഞ്ഞു
(തുടരും)