കൊളംബോ: ട്വന്റി-20 പരമ്പരയിലെ നിര്‍ണായകമായ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് തോല്‍വി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് ലങ്ക സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ വെറും 81 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ലങ്ക വിജയമുറപ്പാക്കിയിരുന്നു. 32 ബോളുകള്‍ ബാക്കിനില്‍ക്കെയായിരുന്നു അവര്‍ ഇന്ത്യക്ക് മേല്‍ വിജയക്കൊടി നാട്ടിയത്.
പുറത്താകാതെ 28 പന്തിൽ 23 റണ്‍സെടുത്ത കുൽദീപ് യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഋതുരാജ് ഗെയ്ക് വാദും (14) ഭുവനേശ്വർ കുമാറും (16) മാത്രമാണ് രണ്ടക്കം കണ്ടത്. മലയാളി താരം ദേവ്ദത്ത് പടിക്കൽ ഒന്‍പത് റണ്‍സെടുത്തപ്പോൾ സഞ്ജു സാംസണ് പൂജ്യത്തിന് പുറത്തായി.
നാല് ഓവറില്‍ വെറും ഒമ്പത് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ വനിന്ദു ഹസരംഗയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ കഥ കഴിച്ചത്. ഇന്ത്യക്കായി രാഹുല്‍ ചഹറാണ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്.