പിറവം: കേരള കോൺഗ്രസ്-ജോസ് വിഭാഗം പിറവം നിയോജകമണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് കേരള കോൺഗ്രസിന് നൽകിയെങ്കിലും അനൂപ് ജേക്കബിനോടുള്ള ദയനീയ തോൽവി ഉൾക്കൊണ്ട് വാർഡ് തലങ്ങളിൽ കമ്മിറ്റികൾ രൂപീകരിച്ചു പാർട്ടി ശക്തമാക്കാനാണ് നീക്കം.
ജില്ലയിൽ പിറവം സീറ്റിൽ ഇതിനു മുമ്പ് സിപിഎമ്മാണ് തുടർച്ചയായി മത്സരിച്ചതെങ്കിലും ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലേക്ക് ചേക്കേറിയ ജോസ് കെ. മാണി വിഭാഗത്തിന് സീറ്റ് നൽകുകയായിരുന്നു. ഇതിനിടെ സിപിഐ സീറ്റിനുവേണ്ടി ശ്രമിച്ചെങ്കിലും ഇവർക്ക് നൽകാൻ സിപിഎം ജില്ലാ നേതൃത്വം തയാറായില്ല.
യുഡിഎഫ് മണ്ഡലമായി അറിയപ്പെടുന്ന പിറവം സീറ്റിൽ ഇതിനു മുമ്പ് സിപിഎം വിജയിച്ചത് കോൺഗ്രസ് റിബലുകൾ മത്സരിച്ചപ്പോഴാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സമീപ ജില്ലയിൽനിന്നു കൊണ്ടുവന്ന് മത്സരിച്ച സ്ഥാനാർഥിക്കുണ്ടായ ദയനീയ തോൽവി കേരള കോൺഗ്രസിനു മാത്രമല്ല സിപിഎമ്മിനും വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.
എറണാകുളം ജില്ലയിൽ സിപിഎമ്മിൽനിന്നു ലഭിച്ച പിറവം സീറ്റ് ജോസ് കെ. മാണി എങ്ങനേയും നിലനിർത്താനുള്ള പരിശ്രമത്തിലാണ്. സ്ഥാനാർഥിയായി മത്സരിച്ച സിന്ധു മോൾ ജേക്കബ് പരാജയപ്പെട്ടുവെങ്കിലും എൽഡിഎഫ് പരിപാടികളിൽ പരമാവധി പങ്കെടുപ്പിക്കുന്നുണ്ട്.
പിറവത്ത് പാർട്ടിക്ക് ശക്തമായ അടിത്തറയുണ്ടാക്കാനാണ് ശ്രമം തുടങ്ങിയിരിക്കുന്നത്. ജോസ് കെ.മാണിയോടൊപ്പം നിന്നിരുന്ന പാർട്ടിയുടെ യുവജന വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ജിൽസ് പെരിയപ്പുറം പിറവം നഗരസഭ കൗൺസിലറാണ്.
ജിൽസിന് നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിക്ഷേധിച്ചത് വലിയ കലാപക്കൊടിയാണ് ഉയർത്തിയത്. പിറവത്ത് പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന ജിൽസ് മാറി നിൽക്കുന്നതിനാൽ മികച്ചൊരു നേതൃത്വനിരയെ കണ്ടെത്താനുള്ള തത്രപ്പാടിലാണ് പാർട്ടി.
പാർട്ടിക്ക് വലിയ പ്രാധാന്യമില്ലാത്ത പഞ്ചായത്തുകളിൽ പ്രവർത്തകരെ ഒപ്പം നിർത്തി പുതിയൊരു നേതൃത്വത്തിന് തയാറെടുക്കുകയാണ്. കോട്ടയം ലോകസഭാ മണ്ഡലത്തിൽ പിറവം മണ്ഡലം ഉൾപ്പെട്ടിരിക്കുന്നതിനാൽ ഇനി വരുന്ന തെരഞ്ഞെടുപ്പിൽ പിറവം നിർണായകമാണ്. ഇതിനാലാണ് പിറവത്ത് ജോസ് കെ. മാണി പിടിമുറുക്കുന്നത്.
ഇതിന്റെ ഭാഗമായി പിറവത്ത് നടന്ന നിയോജകമണ്ഡലം നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് കോഴിമല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോർജ് ചമ്പമല അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എല്ലാ മണ്ഡലത്തിലുമെത്തി പാർട്ടി ശക്തമാക്കാനാണ് യോഗത്തിൽ തീരുമാനിച്ചത്. നേതാക്കളായ ജോഷി, ടോമി ജോസഫ്, ടി. തോമസ്, സാജു ചേന്നാട്ട് എന്നിവർ പങ്കെടുത്തു.