വടക്കഞ്ചേരി: റെഡിമെയ്ഡ് പാനിയങ്ങളെല്ലാം ആരോഗ്യത്തിന് ഹാനികരമാണെന്ന അവബോധം വളർന്നതോടെ ചൈനീസ് ഓറഞ്ച് പോലെ എവിടേയും വളരുന്ന അപൂർവ്വ ഫലവൃക്ഷ ചെടികൾക്ക് ഡിമാന്റ് കൂടുന്നു.
കുഞ്ഞൻ ഓറഞ്ച് പോലെയുള്ള ചൈനീസ് ഓറഞ്ച് മൂപ്പെത്തിയാൽ മധുരത്തിനു പകരം നല്ല പുളിയാകും. തൊലി പൊളിച്ചാൽ ഓറഞ്ചിനുള്ളിലുള്ളതുപോലെ നീര് നിറഞ്ഞ ഓറഞ്ച് നിറമുള്ള അല്ലികൾ തന്നെയാണ് നിറയെ.
പഞ്ചസാരയും വെള്ളവും ചേർത്ത് പാനിയമായി കുടിക്കാം എന്നതാണ് പ്രത്യേകത. ദാഹമുള്ള സമയത്താണ് കുടിക്കുന്നതെങ്കിൽ രുചിയേറും. നല്ല മണമുള്ള പ്രകൃതിദത്ത പാനിയമെന്ന നിലയിൽ കൊതിയൂറുന്ന ഒന്നാണിത്.
വീട്ടിൽ പെട്ടെന്ന് വിരുന്നുക്കാർ വന്നാൽ നാല് ഓറഞ്ച് പറിച്ചെടുത്ത് പിഴിഞ്ഞ് നീരെടുത്ത് വെള്ളവും പഞ്ചസാരയും ചേർത്താൽ മിനിറ്റുകൾക്കുള്ളിൽ ഒന്നാന്തരമൊരു പാനിയമാകും.
മൂപ്പെത്തിയ ഓറഞ്ചിന്റെ തൊലിയും ഒന്നിച്ച് പിഴിഞ്ഞ് നീരെടുക്കാം. ചെടിയിൽ എല്ലാ കാലത്തും ഓറഞ്ചുണ്ടാകും. പത്തോ പന്ത്രണ്ടോ അടി മാത്രം ഉയരം വരുന്നതിനാൽ സ്തീകൾക്കു തന്നെ പറിച്ചെടുക്കാനുമാകും.
ഇതുകൊണ്ട് അച്ചാറ് ഉണ്ടാക്കുന്നവരുമുണ്ട്.ഇതിന്റെ നീരെടുത്ത് പാത്രം കഴുകിയാൽ പാത്രങ്ങൾക്കെല്ലാം നല്ല പുതുമ കിട്ടും.
മുഖത്ത് ഫെയ്സ് ലോഷനായും ഉപയോഗിക്കാമെന്ന് പറയുന്നു. നീര് മുഖത്ത് തേച്ച് അഞ്ചോ പത്തോ മിനിറ്റ് കഴിഞ്ഞ് കഴുകികളഞ്ഞാൽ സുന്ദരൻമാരും സുന്ദരികളുമാകും.
പ്രത്യേക പരിചരണമൊന്നും ചെടിക്ക് വേണ്ട. ഏത് കാലാവസ്ഥയിലും കരുത്തോടെ വളരും. നാരകച്ചെടി പോലെ തന്നെയാണ് .
ചിലതിന്റെ കന്പുകളിൽ നല്ല മുള്ളുകളുണ്ടാകുമെന്നതിനാൽ മരത്തിൽ കയറുന്നവർ ശ്രദ്ധിക്കണം. പഴുത്ത ഓറഞ്ചിലെ കുരു പാകി തൈ ഉണ്ടാക്കാം. നേഴ്സറികളിലും ഇതിന്റെ തൈകൾ വാങ്ങാൻ കിട്ടും.