കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വാധീനിക്കാന്‍ ശ്രമമുണ്ടായെന്ന് ആവര്‍ത്തിച്ച് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. ഒരു രാഷ്ട്രീയ പാര്‍ട്ടി കേസില്‍ ഇടപെടാന്‍ ശ്രമിച്ചെന്ന പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ അന്വേഷണത്തില്‍ ഇടപെടുന്നത് കേരളത്തില്‍ ആദ്യമല്ലെന്നും സുമിത് കുമാര്‍ പറഞ്ഞു.
സ്ഥലംമാറിപ്പോകുന്നതിനു മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു അദേഹം.ഡോളര്‍ കടത്ത് കേസില്‍ കെ.ടി. ജലീലിന് നേരിട്ട് ബന്ധമില്ലെന്നു പറഞ്ഞ സുമിത് കുമാര്‍ അതുമായി ബന്ധപ്പെട്ട ചില നയതന്ത്ര ഉദ്യോഗസ്ഥരും ആയിട്ടാണു മുന്‍ മന്ത്രിക്കു ബന്ധമെന്നു വിശദീകരിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണ്.
കസ്റ്റംസിനെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനെതിരേ ഉപയോഗിക്കുന്നുവെന്ന ആരോപണം അസംബന്ധമാണ്. അത്തരം ശ്രമങ്ങളുണ്ടാകാമെങ്കിലും കസ്റ്റംസ് വഴങ്ങാറില്ല. കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ആക്രമണത്തില്‍ പോലീസ് നടപടിയെടുത്തില്ല.
സ്വര്‍ണക്കടത്ത് കേസിലെ എല്ലാ നടപടികളും പൂര്‍ത്തീകരിച്ചതായും അദേഹം പറഞ്ഞു. നയതന്ത്ര ചാനല്‍ ദുരുപയോഗം ചെയ്യുന്നത് മനസിലാക്കാന്‍ കഴിഞ്ഞു. നയതന്ത്ര ബാഗേജ് വിട്ടുനല്‍കാന്‍ ആരും സമ്മര്‍ദം ചെലുത്തിയിട്ടില്ല. മറ്റ് ഉദ്യോഗസ്ഥരെ സമ്മര്‍ദം ചെലുത്തി കാണും.
അന്വേഷണം സുതാര്യമായാണു നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് തന്റെ മേല്‍ അധികാരമില്ല. ആര്‍ക്കെങ്കിലും തന്നെ സ്വാധീനം ചെലുത്താനോ സമ്മര്‍ദം ചെലുത്താനോ കഴിയില്ലെന്നും അദേഹം പറഞ്ഞു.
കസ്റ്റംസിനെതിരായ ജുഡീഷ്യല്‍ അന്വേഷണം വിഡ്ഢിത്തമാണെന്നും സര്‍ക്കാരിനെതിരേ താന്‍ ഒരു കമ്മിഷനെ വച്ചാല്‍ എങ്ങനെയുണ്ടാകുമെന്നും സുമിത് കുമാര്‍ ചോദിച്ചു. രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത നീക്കമാണ് ഇതെന്നും അദേഹം വ്യക്തമാക്കി.