മൂവാറ്റുപുഴ: ഗ്രാമപ്രദേശങ്ങളിൽ പോത്ത് വളർത്തൽ വ്യാപകമാകുന്നു. പോത്ത് വളർന്ന് തൂക്കം കൂടുംതോറും കിട്ടുന്ന ആദായവും വർധിക്കുമെന്നതാണ് ഈ മേഖലയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ കാരണം.
ക്ഷമയോടെ പരിപാലിച്ച് വളർത്തിയാൽ ഒന്നര വർഷത്തിനകം നല്ലൊരു തുക ആദായമായി ലഭിക്കും.
പരിമിത സൗകര്യങ്ങളിൽ വളർത്താമെന്നതും തീറ്റച്ചെലവ് ഉൾപ്പെടെ കുറവാണെന്നതും കാര്യമായ രോഗങ്ങളൊന്നും പിടിപെടില്ലെന്നതും പോത്ത് വളർത്തലിന്റെ അനുകൂല ഘടകമാണ്.
കേരളത്തിൽ പോത്ത് മാംസത്തിന് വലിയ വിപണിയാണ് എപ്പോഴും.
മാംസാവശ്യത്തിനുള്ള ഉരുക്കളിൽ ഏറിയ പങ്കുമെത്തുന്നത് അയൽ സംസ്ഥാനങ്ങളിൽ നിന്നുമാണ്.
ജനസംഖ്യയുടെ വലിയൊരു ശതമാനം മാംസാഹാരപ്രിയരായ സംസ്ഥാനത്ത് മാംസോത്പാദനത്തിനായി വാണിജ്യാടിസ്ഥാനത്തിലുള്ള പോത്ത് വളർത്തൽ സംരംഭങ്ങൾ വർധിച്ചുവരികയാണ്.
അഞ്ച്-ആറ് മാസമെങ്കിലും പ്രായമെത്തിയ മികച്ച ആരോഗ്യമുള്ള നല്ല ഇനത്തിൽപ്പെട്ട പോത്തിൻ കിടാക്കളെയാണ് വളർത്തുന്നതിനായി വാങ്ങുന്നത്.
‘മുറ’ ഇനത്തിൽപ്പെട്ട പോത്തിൻ കിടാക്കളെയോ ‘മുറ’ സങ്കരയിനം പോത്തിൻ കുട്ടികളെയോ ആണ് വളർത്താനായി കൂടുതലും തെരഞ്ഞെടുക്കുന്നത്.
പഞ്ചാബിൽ നിന്നുള്ള നീലിരവി, ഗുജറാത്തിൽ നിന്നുള്ള ജാഫറാബാദി, സുർത്തി, മുറയെയും സുർത്തിയെയും തമ്മിൽ ക്രോസ് ചെയ്തുണ്ടാക്കിയ മെഹ്സാന, ആന്ധ്രയിൽ നിന്നുള്ള ഗോദാവരി തുടങ്ങിയ പോത്തിനങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ എത്തുന്നുണ്ട്.
മുറയുടേത്പോലെ തന്നെ ഓരോ പോത്തിനങ്ങൾക്കും അവയെ തിരിച്ചറിയുന്നതിനായി തനത് ശാരീരിക പ്രത്യേകതകളും അടയാളങ്ങളും ഉണ്ട്.
എന്നാൽ ഈ പോത്തിനങ്ങൾക്കൊന്നും വളർച്ചാനിരക്കിലും രോഗപ്രതിരോധശേഷിയിലും കാലാവസ്ഥാ അതിജീവനശേഷിയിലും മുറയെ വെല്ലാനാവില്ല.
അത്യുത്പാദനശേഷിയുള്ള പശുക്കൾക്കും എരുമകൾക്കും ഒരുക്കുന്ന രീതിയിലുള്ള വിപുലവും ആധുനികവുമായ തൊഴുത്തുകളൊന്നും പോത്തുകൾക്ക് വേണ്ടതില്ല.
പകൽ മുഴുവൻ പാടത്തോ പറന്പിലോ അഴിച്ചുവിട്ടാണ് വളർത്തുന്നതെങ്കിൽ പോത്തുകൾക്ക് രാപ്പാർക്കുന്നതിനായി മഴയും മഞ്ഞുമേൽക്കാത്ത പരിമിതമായ പാർപ്പിട സൗകര്യങ്ങൾ മതി.
ബലിപെരുന്നാളിന് ഗ്രാമപ്രദേശങ്ങളിലെ വളർത്തുന്ന പോത്തുകൾക്ക് ഇക്കുറി നല്ല വിലയാണ് ലഭിച്ചത്.
കോവിഡ് മഹാമാരിയെത്തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ പോത്തുകളുടെ വരവ് ഇക്കുറി കുറവായിരുന്നു.
പോത്തുകൾക്ക് മികച്ച വില ലഭിക്കുന്നതിനാൽ ഇക്കുറി പോത്ത് കിടാക്കൾക്കും ആവശ്യക്കാർ ഏറെയാണെന്ന് കച്ചവടക്കാരനായ ബി.എ. കരീം പറഞ്ഞു.
പെരുന്നാൾ കഴിഞ്ഞതോടെ പോത്ത് കിടാക്കളെ വാങ്ങുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടന്നും കരീം പറഞ്ഞു.
കിടാക്കൾക്ക് ആവശ്യക്കാർ ഏറിയതോടെ വിവിധ പ്രദേശങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽനിന്നു വിൽപനയ്ക്കായി നിരവധി പോത്തുകിടാക്കളാണ് എത്തിയിരിക്കുന്നത്.