ബ്രിട്ടാനിക്ക് ഇപ്പോള്‍ ആറു വയസായി. ഇതിനിടയില്‍ അവള് അനുഭവിച്ച വേദനകള്‍ അല്‍പ്പം കഠിനമാണ്. ആദ്യം മുന്‍ കാലുകളില്‍ ഒന്നു നഷ്ടപ്പെട്ടു. പിന്നെ അഞ്ചു ശസ്ത്രക്രിയകൾ. അതിനിടയില്‍ നടക്കാനും ഓടാനുമുള്ള പരിശീലനം പക്ഷേ, അവള് തളര്‍ന്നില്ല. മൂന്നു കാലുകളുപയോഗിച്ച് നടന്നും ഓടിയും ടിക് ടോക്കിലെ ലക്ഷകണക്കിന് ആരാധകരുള്ള താരമായിരിക്കുകയാണ് ബ്രിട്ടാനി.
കെന്റിയെപ്പോലെ
അമേരിക്കയിലെ കൊളറാഡോയിലെ കെന്റിയുടെ അരുമയാണ് ബ്രിട്ടാനി എന്ന നായ. ഒരു ദിവസം ബ്രിട്ടാനിയെ ഒരു വാഹനമിടിച്ചു.അങ്ങനെയാണ് ബ്രിട്ടാനിയുടെ മുന്‍ കാലുകളില്‍ ഒന്നു നഷ്ടപ്പെടുന്നത്.
പിന്നെ തുടരത്തുടരെ അഞ്ച് ശസ്ത്രക്രിയകള്‍ക്ക് വിധേയമാകേണ്ടി വന്നു. തന്റെ കാല് നഷ്ടപ്പെട്ടു എന്നു കരുതി ബ്രിട്ടാനി തളര്‍ന്നിരുന്നില്ല.
ടീംഡോഗ്സ് റിപ്പോര്‍ട്ടുചെയ്തതുപോലെ, ഉടമസ്ഥന് കെന്റി പാസക് തന്റെ രണ്ട് കാലുകളില്‍ നടന്നപ്പോള്‍ ബ്രിട്ടാനിയും അത് അനുകരിച്ചു. ഉടമെയപ്പോലെ നില്‍ക്കാനും നടക്കാനും തുടങ്ങി.
ടിക് ടോക്കിലേക്ക്
ബ്രിട്ടാനിയുടെ അസാധാരണമായ റണ്ണിംഗ് സ്റ്റൈലും, പിന്‍കാലുകളില്‍ ഒരു മനുഷ്യനെപ്പോലെയുള്ള നടത്തവും ആരിലും കൗതുകമുണർത്തുന്ന ഒന്നാണെന്നു മനസിലാക്കിയ കെന്റി ബ്രിട്ടാനിക്ക് ടിക് ടോക്കിൽ ഒരു അക്കൗണ്ട് എടുത്തു നൽകി.
അതിൽ ബ്രിട്ടാനി മനുഷ്യനെപ്പോലെ നടക്കുന്നതും മൂന്നു കാലിൽ ഓടുന്നതുമൊക്കെയായ വീഡിയോകൾ അപ് ലോഡ് ചെയ്യാൻ തുടങ്ങി. വീഡിയോകൾ പെട്ടന്നാണ് ഹിറ്റായത്.
അതിവേഗം ബ്രിട്ടാനിക്ക് 296,000 ഫോളോവേഴ്സും ആയിരക്കണക്കിന് കാഴ്ച്ചക്കാരും ഉണ്ടായെന്ന് ഉടമ കെന്റി പറഞ്ഞു: ‘ബ്രിട്ടാനിക്ക് അപകടം പറ്റിയപ്പോള്‍ അടുത്ത പട്ടണത്തിലെ മൃഗഡോക്ടറുടെ അടുത്ത് കൃത്യസമയത്ത് എത്താന്‍ പറ്റുമോയെന്ന് ഞങ്ങള്‍ ഭയപ്പെട്ടിരുന്നു.
കൃത്യസമയത്ത് എത്തിയെങ്കിലും കാല് മുറിച്ചു മാറ്റേണ്ടതായി വന്നു. പക്ഷേ, വേഗം അവള് അതുമായി പൊരുത്തപ്പെട്ടുവെന്നും കെന്റി പറഞ്ഞു.
താരമാണ്
കെന്റിക്കൊപ്പം ബ്രിട്ടാനി പുറത്തേക്ക് പോകുമ്പോൾ, മുമ്പ് ഒരു നായയെ ഇങ്ങനെ കണ്ടിട്ടില്ലാത്ത ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. പലരും കൗതുകത്തോടെ ബ്രിട്ടാനിയുടെ അടുക്കലെത്തും. രണ്ടു കാലില്‍ നടക്കുന്ന നായയെ കണ്ടാല്‍ ആരാണ് നോക്കാത്തത്. ബ്രിട്ടാനി വളരെ പോസിറ്റീവായാണ് കാര്യങ്ങളെ കണ്ടത്.
രസകരമായി ആളുകളോട് ഇടപെടും.ആളുകളെ കണ്ടാല്‍ ഹായ് പറയും. ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗം തന്നെയാ ണ് ബ്രിട്ടാനിയെന്നും പറഞ്ഞ് കെന്റി അവളെ ചേർത്തു പിടിച്ചു.