ആറന്മുള: അമ്മയുടെ സഹായത്തോടെ പതിമൂന്നുകാരിക്കു ക്രൂരപീഡനമേല്ക്കേണ്ടിവന്ന സംഭവത്തില്‍ തുടരന്വേഷണ ഭാഗമായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
കേസില്‍ കുട്ടിയുടെ അമ്മയെ രണ്ടാംപ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ റിമാന്‍ഡിലാണ്. ഹരിപ്പാട് പടിപ്പുര വടക്കേതില്‍ ഷിബിന്‍ (32), തിരുവനന്തപുരം വക്കം കടയ്ക്കാവൂല് ഷെമി മന്‍സിലില്‍ മുഹമ്മദ് ഷിറാസ് (36) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
നിത്യസന്ദർശകൻ
ഷിബിന്‍ പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്താണ്. രണ്ടാനച്ഛനും മാതാവിനുമൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്ന ഷിബിന്‍ പെണ്‍കുട്ടിക്ക് വിവാഹവാഗ്ദാനം നല്കിയുരന്നുവെന്നും മാതാവ് ഇതിനെ പിന്തുണച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ 28ന് ഉച്ചകഴിഞ്ഞ് വീട്ടിലെത്തിയ ഷിബിനും മുഹമ്മദ് ഷിറാസുംകൂടി പെണ്‍കുട്ടിയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോന്നു. ഷിബിന്റെ വീട്ടിലേക്കെന്നു പറഞ്ഞാണ് കൊണ്ടുപോയത്. ഷിബിന്റെ അച്ഛനെയും അമ്മയെയും പരിചയപ്പെടുത്താമെന്നു തെറ്റിധരിപ്പിച്ചാണ് കുട്ടിയെ കൊണ്ടുപോയതെന്ന് പറയുന്നു.
ഷിബിന്റെ വീട്ടിലെത്തിച്ച കുട്ടിയെ അവിടെവച്ച് നിരവധി തവണ പീഡിപ്പിച്ചു. അവിടെനിന്ന് പെണ്‍കുട്ടിയെ കടയ്ക്കാവൂരില്‍ മുഹമ്മദ് ഷിറാസിന്റെ വീട്ടിലെത്തിച്ചും പീഡിപ്പിച്ചു. രണ്ട് ബസ് കയറിയാണ് അവിടേക്ക് കൊണ്ടുപോയതെന്നും സ്ഥലം അറിയില്ലെന്നുമാണ് പെണ്‍കുട്ടി പോലീസിനോടു പറഞ്ഞത്.
പ്രതികളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കടയ്ക്കാവൂരിലേക്കാണ് കൊണ്ടുവന്നതെന്നു വ്യക്തമായത്. ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി രണ്ടാനച്ഛന് ആറന്മുള പോലീസില്‍ പരാതി നല്കി.
പഞ്ചായത്ത് മെംബറുടെ നേതൃത്വത്തില്‍ അന്വേഷണവും തുടങ്ങിയതോടെ വിവരം അറിഞ്ഞ പ്രതികള്‍ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചു. പോലീസ് പെണ്‍കുട്ടിയില്‍ നിന്നു വിവരങ്ങള്‍ തേടി. അപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
രഹസ്യമൊഴി
പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഷിബിന്‍ അഡ്മിനായ വാട്സ്ആപ്പ് ഗ്രൂപ്പ് സൈബര്‍ പോലീസ് നിരീക്ഷണത്തില്‍. ഇയാള്‍ക്ക് നിരവധി സ്ത്രീകളും പെണ്‍കുട്ടികളുമായും ബന്ധമുണ്ടായിരുന്നതായും പെണ്‍വാണിഭത്തില്‍ ഉള്‍പ്പെട്ടിരുന്നതായും പോലീസിനു സൂചന ലഭിച്ചു.
ടിപ്പര്‍ ലോറി ഡ്രൈവറാണ് ഇയാള്‍. കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ലഭിച്ച ചില വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമാകും. പെണ്‍കുട്ടിയുടെ മാതാവില്‍ നിന്നും വിശദമായ മൊഴി എടുക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.
കുട്ടിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തു
പതിമൂന്നുകാരിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കുട്ടിയെ മന്ത്രി കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു. കുട്ടിക്ക് വിശദമായ കൗണ്‍സിലിംഗ് ഉള്‍പ്പെടെ നല്കാന് നിര്‍ദേശിച്ചിട്ടുണ്ട്.
ആരോഗ്യനിലയും പരിശോധിച്ചുവരികയാണ്. നിലവില്‍ പ്രശ്നങ്ങളില്ല. ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ചുമതലയില്‍ ശിശു സംരക്ഷണ കേന്ദ്രത്തിലേക്കാണ് കുട്ടിയെ മാറ്റിയത്.
അനുജനെക്കൂടി ഇവിടേക്കു മാറ്റണമെന്ന് കുട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. മാതാവ് ജയിലിലായതോടെ അനുജനൊപ്പം രണ്ടാനച്ഛന് മാത്രമാണുള്ളത്. വീട്ടിലേക്ക് തിരികെ പോകാന്‍ താത്പര്യമില്ലെന്നറിയിച്ച കുട്ടി തുടര്‍ന്ന് പഠിക്കാനുള്ള താത്പര്യവും മന്ത്രിയെ അറിയിച്ചു.