തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളിയില്‍ കോവിഡ് നിയന്ത്രണം ലംഘിച്ച് മീന്‍ കച്ചവടം ചെയ്ത വയോധികയുടെ മീന്‍കുട്ട പോലീസ് തട്ടിത്തെറിപ്പിച്ച സംഭവത്തിൽ പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താൻ പോലീസ് മേധാവിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദമാക്കി.
നേരത്തെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ചിട്ടില്ലെന്ന് പോലീസും പറഞ്ഞിരുന്നു. നിയന്ത്രണം ലംഘിച്ചു കച്ചവടം നടത്തിയപ്പോള്‍ ആളുകൂടുകയും തുടര്‍ന്നു പോലീസ് നടപടിയെടുക്കുകയുമായിരുന്നു എന്നാണ്, ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോലീസ് നല്കിയ വിശദീകരണം.
പാരിപ്പള്ളി പരവൂര്‍ റോഡില്‍ അഞ്ചുതെങ്ങ് സ്വദേശിയായ മേരിയുടെ വില്‍ക്കാനുള്ള മീനാണ് പോലീസ് നശിപ്പിച്ചതെന്നാണ് ആരോപണം ഉയർന്നിരുന്നത്. ഇവരുടെ മീന്‍കുട്ട വലിച്ചെറിഞ്ഞതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പോലീസിനെതിരേ വലിയ വിമർശനവും ഉയർന്നിരുന്നു.