സ്വന്തംലേഖകന്‍
കോഴിക്കോട്: ഓണ്‍ലൈന്‍ വഴി വായ്പയെടുത്തു തിരിച്ചടവു മുടങ്ങുന്നവരെ ഭീഷണിപ്പെടുത്തുന്ന സംഘങ്ങള്‍ക്കെതിരേ കര്‍ശനനടപടിയുമായി പോലീസ് രംഗത്ത്.
വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിലായവരുടെ വീടുകളില്‍ കയറിയും ഫോണില്‍ വിളിച്ചും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്ന സംഭവങ്ങള്‍ അടുത്തിടെ വ്യാപകമായതോടെയാണ് കോഴിക്കോട് സിറ്റി പോലീസ് ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.
ഭീഷണിപ്പെടുത്തിയ വിവരങ്ങള്‍ സൈബര്‍ സെല്ലിലേക്ക് കൈമാറിയാല്‍ സഹായത്തിനായി പോലീസ് ഉടനെത്തുകയും ഭീഷണിപ്പെടുത്തിയവര്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്യും.
വീടുകളില്‍ അതിക്രമിച്ചുകയറി സ്ത്രീകളെയും കുട്ടികളെയും മാനസികമായും ശാരീരികമായും ഭീഷണിപ്പെടുത്തുന്നതു കുറ്റകരമാണ്. ഇത്തരത്തില്‍ ഇടപെടുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും ഏജന്റുമാര്‍ക്കെതിരെയും തൊട്ടടുത്ത പോലീസ്സ്റ്റേഷനിലും പരാതി നല്കിയാല് നടപടിയെടുക്കും.
വാട്സ് ആപ്പ് വഴിയും പരാതിക്കാര്‍ക്ക് പോലീസിനെ ബന്ധപ്പെടാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ 9497976009 എന്ന നമ്പറിലേക്ക് പരാതികള്‍ വാട്സ് ആപ്പ് ചെയ്താല്‍ മതി.
ലളിതമായ നടപടി ക്രമങ്ങളും കാലതാമസമില്ലാതെ വായ്പ ലഭിക്കുമെന്നതും കണക്കിലെടുത്താണ് സാധാരണക്കാരുള്‍പ്പെടെ ഓണ്‍ലൈന്‍ വായ്പയെടുക്കുന്നത്. രേഖകള്‍ സമര്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടി ക്രമങ്ങളില്ലാത്തതിനാല് പലിശ കൂടുതലാണെങ്കില്‍ പോലും വായ്പയെടുക്കാന്‍ ധാരാളം പേര് രംഗത്തെത്തുന്നുണ്ട്.
എന്നാല്‍ തിരിച്ചടവു മുടങ്ങിയാല്‍ വായ്പാ സംഘങ്ങള്‍ ഭീഷണിയുമായെത്തും. പലിശക്കെണിയൊരുക്കി കിടപ്പാടം തട്ടുന്നവര്‍ അടുത്തിടെ സജീവമായിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് അത്തോളി പോലീസ് പരിധിയില്‍ പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഭീഷണിപ്പെടുത്തിയിരുന്നു.
മാവൂര്‍ റോഡിലെ സ്ഥാപനം കക്കയത്തെ സ്ത്രീയുടെ നാലു സെന്റ് പുരയിടം പലിശക്കെണിയില്പെടുത്തി കൈക്കലാക്കാന്‍ ശ്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
കൊള്ളപ്പലിശ ഈടാക്കല്‍, കൃത്രിമ രേഖയുണ്ടാക്കി വസ്തു തട്ടല്‍, കടക്കാര്‍ക്കെതിരേ വ്യാജ പരാതി നല്കല്, ഭീഷണിപ്പെടുത്തല്‍, കുടിയൊഴിപ്പിക്കല്‍ എന്നീ കേസുകളിലെല്ലാം കര്‍ശന നടപടി സ്വീകരിക്കാനാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് നിര്‍ദേശം നല്‍കിയത്.