ന്യൂഡൽഹി: ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തി.
ഡല്‍ഹി കന്റോണ്‍മെന്റ് മേഖലയിലെ പുരാനാങ്കലില്‍ ആണ് സംഭവം നടന്നത്. ഒന്‍പത് വയസുകാരിയായ കുട്ടിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ഒരു പൂജാരി ഉള്‍പ്പടെ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ കൊലപ്പെടുത്തിയ ആക്രമികള്‍ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
പുരാനനങ്കലിലെ ശ്മശാനത്തിന് സമീപമാണ് കുട്ടി താമസിക്കുന്നത്.
ശ്മശാനത്തിലെ കൂളറില്‍ നിന്നും കുടിവെള്ളമെടുക്കാന്‍ പോയ കുട്ടി തിരികെ വന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ കുട്ടിയെ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
വൈകുന്നേരം ആറോടെ ശ്മശാനത്തിലെ പൂജാരി രാധേശ്യാമിനെ പരിചയമുള്ള ചില പ്രദേശവാസികള്‍ കുട്ടിയുടെ അമ്മയെ ശ്മശാനത്തിലേക്ക് വിളിച്ചു വരുത്തി കുട്ടിയുടെ മൃതദേഹം കാണിക്കുകയായിരുന്നു.
കൂളറില്‍ നിന്നും വെള്ളം കുടിക്കുമ്പോള്‍ കുട്ടിക്ക് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നുവെന്ന് ഇയാള്‍ കുട്ടിയുടെ അമ്മയോട് പറഞ്ഞു.
കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുണ്ടായിരുന്നു. സംഭവം പോലീസില്‍ അറിയിക്കരുതെന്നു അങ്ങനെ ചെയ്താല്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുമെന്നും അവര്‍ കുട്ടിയുടെ അവയവങ്ങള്‍ മോഷ്ടിക്കുമെന്നും പറഞ്ഞ് പൂജാരി കുട്ടിയെ ദഹിപ്പിക്കാന്‍ അമ്മയെ നിര്‍ബന്ധിച്ചു.
എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ പ്രദേശവാസികള്‍ വിവരം പോലീസില്‍ അറിയിച്ചു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണ്.