കാഞ്ഞിരപ്പുഴ: കാറ്റിനേയും മഴയേയും പേടിക്കാതെ കല്യാണി അമ്മയ്ക്ക് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം.കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഇയ്യന്പലം പൊറ്റശ്ശേരി കോവിലിങ്ങൽ വീട്ടിൽ കല്യാണിയമ്മയുടെ കാലങ്ങളായുള്ള സ്വപ്നം സേവ് മണ്ണാർക്കാട് സാന്ത്വനം കമ്മിറ്റി സാക്ഷാത്കരിച്ചു നൽകി.
ഏതു സമയത്തും നിലംപൊത്താവുന്ന ജീർണാവസ്ഥയിലുള്ള വീട്ടിലാണ് 69 കാരിയായ കല്യാണിയമ്മ കഴിഞ്ഞു വന്നിരുന്നത്.മഴക്കാലത്ത് വീടനകത്തിരിക്കാൻ ഭയമായതിനാൽ അയൽ വീടുകളിൽ അഭയം തേടും. രണ്ട് പെണ്മക്കളാണ് ഉള്ളത്. അവരെ വിവാഹം കഴിച്ചയച്ചു.
ഇപ്പോൾ തനിച്ചാണ് താമസം. തൊഴിലുറപ്പിനു പോയാണ് ഉപജീവനം കഴിച്ചിരുന്നത്. പ്രായത്തിന്റെ അവശതകൾ കാരണം ജോലിക്ക് പോകാനാകുന്നില്ല.നിത്യവൃത്തിക്കുപോലും കഷ്ടപ്പാടാണ്.
കല്യാണിയമ്മയുടെ ജീവിതാവസ്ഥ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ 14ാം വാർഡ് മെന്പർ റീന സുബ്രഹ്മണ്യനാണ് സേവ് മണ്ണാർക്കാട് സാന്ത്വനം കമ്മറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ദൗത്യമേറ്റെടുത്ത സേവ് കൂട്ടായ്മ നൂറു രൂപ ചലഞ്ചിലൂടെ 14,259 രൂപ സമാഹരിച്ചു.
അറ്റകുറ്റ പണിക്കു മതിയാകാത്ത തുക സേവ് രക്ഷാധികാരി ഡോ.കെ.എ. കമ്മാപ്പയും സംഭാവനയായി നൽകി. മേൽക്കൂര നന്നാക്കി വീട് വാസയോഗ്യമാക്കി നൽകി.
സാന്ത്വനം കണ്‍വീനർ നഷീദ് പിലാക്കൽ, അസ്ലം അച്ചു, അബ്ദുൽ ഹാദി, ബാബു മങ്ങാടൻ, ഫക്രുദ്ദീൻ, ദീപിക, ബിൻസണ്, സുഹ്റ കാരാട്ട്, സക്കരിയ, വിഷ്ണു എന്നിവർ നേതൃത്വം നൽകി.