കോട്ടയം: കോട്ടയം കെഎസ് ആർടിസിയുടെ മുഖം മാറുന്നു. ഡിപ്പോയിൽ പുതിയ ബസ് ടെർമിനൽ, യാർഡ് എന്നിവയുടെ നിർമാണത്തിനു തുടക്കമായി. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പരിഷ്കാരങ്ങളാണ് ഡിപ്പോയിലും പരിസരത്തുമൊരുക്കുന്നത്.
നിർമാണത്തിന്റെ ഭാഗമായി പഴയ കംഫർട്ട് സ്റ്റേഷൻ പൊളിച്ചുമാറ്റും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് രണ്ടു കോടി രൂപ ചെലവഴിച്ചാണ് ടെർമിനൽ നിർമിക്കുന്നത്. 91.69 ലക്ഷം രൂപ യാർഡ് വികസനത്തിനും 88.82 ലക്ഷം രൂപ പുതിയ ശുചിമുറി കോംപ്ലക്സിനും വിനിയോഗിക്കും.
ആറായിരം ചതുരശ്രയടി വലുപ്പമുള്ള ബസ് ടെർമിനലും 50,000 ചതുരശ്ര അടിയിൽ യാർഡുമാണ് നിർമിക്കുക. തിയറ്റർ റോഡിനു സമീപമാണ് ബസ് ടെർമിനലും യാർഡും നിർമിക്കുക. ഇതിനുശേഷം ബസ് സ്റ്റാൻഡിൽ 60 വർഷം പഴക്കമുള്ള ഇരുനില ഓഫിസ് കെട്ടിടം പൊളിക്കും.
നിലവിലെ ഓഫീസ് മന്ദിരത്തിന്റെ മുൻവശത്ത് ബസ് പാർക്കിംഗ് നിരോധിച്ചു. കുമളി, കട്ടപ്പന, ആലപ്പുഴ, പാലാ, തൊടുപുഴ റൂട്ടുകളിലെ ബസുകളാണ് ഇവിടെ പാർക്ക് ചെയ്തിരുന്നത്. സ്റ്റാൻഡിനു പിൻവശത്ത് ലഭ്യമായ സൗകര്യത്തിലായിരിക്കും ഈ ബസുകൾ പാർക്ക് ചെയ്യുക.
കൂടുതൽ സമയം പാർക്കു ചെയ്യേണ്ടവ കോടിമതയിൽ കിടന്നശേഷം പുറപ്പെടാകുന്പോൾ സ്റ്റാൻഡിലെത്തി ആളെടുക്കും. കുറേ ബസുകൾ നാഗന്പടത്ത് പാർക്ക് ചെയ്യാനും ആലോചനയുണ്ട്.