സ്വന്തം ലേഖകൻ
തലശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ തലശേരി ഗുഡ്ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീ (68) ന് ലൈംഗിക ശേഷിക്ക് കുറവില്ലെന്ന് റിപ്പോർട്ട്.
“There is nothing to suggest that he is impotent’ എന്നാണ് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുലയുടെ ഉത്തരവ് പ്രകാരം ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഫിസിഷ്യൻ, സർജൻ, സൈക്യാട്രിസ്റ്റ്, ഫോറൻസിക് സർജൻ തുടങ്ങിയ വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് ഷറാറ ഷറഫുവിന് ലൈംഗികശേഷിക്കുറവില്ലെന്ന് കണ്ടെത്തിയത്. കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് പരിശോധന നടന്നത്.
പരിശോധന റിപ്പോർട്ട് സീൽ ചെയ്ത കവറിൽ ഡിഎംഒ കോടതിക്ക് മുമ്പാകെ എത്തിക്കുകയായിരുന്നു. ഏറെ വിവാദമുയർത്തിയ ലൈഗിംക ക്ഷമതാ പരിശോധന റിപ്പോർട്ട് കേസിൽ നിർണായകമാകും.
തലശേരി ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പ്രതിക്ക് ലൈംഗിക ക്ഷമതയില്ലെന്ന് റിപ്പോർട്ട് നൽകിയ ഡോക്ടർക്കെതിരേ നടപടി സ്വീകരിക്കാൻ പ്രോസിക്യൂഷൻ സർക്കാരിനോട് ശിപാർശ ചെയ്തു.
ജനറൽ ആശുപത്രിയിലെ പരിശോധന റിപ്പോർട്ട് വിവാദമായതിനെത്തുടർന്നാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ച് ലൈംഗിക ക്ഷമത പരിശോധന നടത്താൻ കോടതി ഉത്തരവിട്ടത്.
മുപ്പത് ദിവസം റിമാൻഡിൽ കഴിഞ്ഞ ഷറാറ ഷറഫുവിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിൽ അറസ്റ്റിലായി കൈക്കുഞ്ഞിനോടൊപ്പം റിമാൻഡിൽ കഴിയുന്ന രണ്ടാം പ്രതിയുടെ ജാമ്യഹർജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതൃസഹോദരി കൂടിയായ പ്രതിയുടെ ജാമ്യ ഹർജിയാണ് കഴിഞ്ഞ ദിവസം തള്ളിയത്. യുവതിയുടെ ഭർത്താവും റിമാൻഡിലാണുള്ളത്.
ഒന്നാം പ്രതിയായ ഇയാൾക്ക് വേണ്ടി ഇതുവരെ ജാമ്യഹർജി കോടതിക്ക് മുന്നിൽ എത്തിയിട്ടില്ല. കതിരൂർ, ധർമടം പോലീസ് സ്റ്റേഷനുകളിലെ രണ്ട് പോക്സോ കേസുകളിലും ഇയാൾ പ്രതിയാണ്.
മാർച്ച് 25 നായിരുന്നു കേസിനാസ്പദമായ സംഭവം. ജൂൺ 28 നായിരുന്നു ധർമടം സിഐയായിരുന്ന അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഷറാറ ഷറഫുവിനെ അറസ്റ്റ് ചെയ്തത്.