ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അടുത്തിടെ പുറത്തു വന്ന ചിത്രങ്ങള്‍ കണ്ട ശേഷം അദ്ദേഹം മെലിഞ്ഞോ എന്ന സംശയമാണ് എങ്ങും പരക്കുന്നത്.
മുപ്പത്തിയേഴുകാരനായ കിമ്മിന് ഒരു ദശാബ്ദം മുമ്പ് അതായത് 2011ല്‍ അധികാരത്തിലെത്തിയ ശേഷം അമിതമായി ശരീരഭാരം വര്‍ധിച്ചിരുന്നു.
എന്നാല്‍, കഴിഞ്ഞ ദിവസം പ്യോങ്യാംഗിലെ കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയിലെ കമാന്‍ഡര്‍മാരെയും രാഷ്ട്രീയ ഉദ്യോഗസ്ഥരെയും അഭിവാദ്യം ചെയ്തുകൊണ്ടുള്ള കിമ്മിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
ഏകദേശം 19 കിലോയോളം ഭാരം കുറഞ്ഞതായാണ് ചിത്രങ്ങൾ തോന്നിപ്പിക്കുന്നത്.
കീറിമുറിച്ചോ?
ഏകദേശം 139 കിലോയോളം ശരീര ഭാരമുണ്ടായിരുന്ന കിം വണ്ണം കുറയ്ക്കാനായി ഗ്യാസ്ട്രിക് ബാന്‍ഡ് ശസ്ത്രക്രിയ ചെയ്തോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.
കാരണം അമിത ഭാരം മൂലം ശ്വസിക്കാന്‍ അദ്ദേഹത്തിനു ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും ദക്ഷിണ കൊറിയയുടെ സ്പൈ ഏജന്‍സി പറഞ്ഞു.
മാധ്യമങ്ങളുടെയും പൊതു ജനങ്ങളുടെയും കണ്ണിൽ വരാതെയായിരുന്നു കുറച്ചു മാസങ്ങളായി കിമ്മിന്റെ പ്രവര്‍ത്തനങ്ങള്‍.
ഇതുമൂലം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുവരെ അഭ്യൂഹങ്ങൾ പരന്നിരുന്നു. 2011ല്‍ അധികാരത്തില്‍ വന്നതിന് ശേഷം ഒരു വര്‍ഷം ആറ് കിലോ വർധിച്ചു.
പിന്നിടു വർധന 22 കിലോ വരെയായിയെന്നും ദക്ഷിണ കൊറിയൻ നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസ് റിപ്പോർട്ട് ചെയ്യുന്നു.
ജോലി സംബന്ധമായ സമ്മര്‍ദം, മദ്യപാനം, കടുത്ത പുകവലി, കൊഴുപ്പ് കൂടിയ ഭക്ഷണക്രമം എന്നിവ കാരണമാണ് കിമ്മിന്റെ ശരീരഭാരം വര്ധിച്ചതെന്നുള്ള വിവരങ്ങളും ചിലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
എന്തായാലും അഞ്ച് അടി ഏഴിഞ്ച് ഉയരമുള്ള കിമ്മിനെ വളരെക്കാലമായി അമിതവണ്ണത്തിലാണ് കാണുന്നത്.
രാത്രിയില്‍ ഒന്നിലധികം കുപ്പി വൈന്‍ കുടിക്കുമ്പോള്‍ സ്വിസ് ചീസ്, കാവിയാര്‍, ലോബ്സ്റ്റര്‍ എന്നിവയെല്ലാം വളരെയധികം കഴിക്കുന്ന ശീലവും പുള്ളിക്കാരനുണ്ട്.
സ്ലിം കിം
കിമ്മിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെ ശരീരഭാരം കുറച്ചതാണോ ഇനി എന്തെങ്കിലും മാരകമായ അസുഖങ്ങളുണ്ടോ തുടങ്ങിയ അഭ്യൂഹങ്ങളും ചിത്രത്തോടൊപ്പം തന്നെ പരക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ശരീരഭാരം കുറയ്ക്കാന്‍ കിം മരുന്ന് കഴിച്ചിരിക്കാം – അല്ലെങ്കില്‍ ഗ്യാസ്ട്രിക് സ്ലീവ് അല്ലെങ്കില്‍ ഗ്യാസ്ട്രിക് ബൈപാസ് പോലുള്ള ഒരു ബാരിയാട്രിക് ശസ്ത്രക്രിയ നടത്തിയിരിക്കാം എന്നും 38 നോര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു.
കിമ്മിന്റെ ആരോഗ്യകാര്യങ്ങൾ രാജ്യരഹസ്യം തന്നെയായിരുന്നു.
ഒരു ഗ്യാസ്ട്രിക് ബാന്‍ഡ് വഴി എല്ലാ ആഴ്ചയും 2.30 കിലോയോളം ഭാരം കുറയ്ക്കാന്‍ സാധിക്കും. അപ്പോള്‍ കിമ്മിന് 19 കിലോയോളം ഭാരം കുറയ്ക്കാന്‍ രണ്ടു മാസത്തെ സമയമെങ്കിലും എടുത്തിരിക്കും.
കോവിഡ് ആരോഗ്യ സംരക്ഷണത്തിലേക്കു കിമ്മിനെ നയിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
കാരണം അദ്ദേഹത്തിന്റെ അസുഖകരമായ അമിതവണ്ണവും ഹൃദയ സംബന്ധമായ അസുഖവും ടൈപ്പ് 2 പ്രമേഹവും ഉയര്‍ന്ന അപകടസാധ്യതയുള്ള ഘടകങ്ങളാണ്.
രാജ്യ പ്രതിസന്ധി
1990 കള്‍ക്കു ശേഷമുള്ള ഏറ്റവും വലിയ ക്ഷാമമാണ് രാജ്യം നേരിടുന്നത്. ഇതിനിടയില്‍ ഉത്തര കൊറിയക്കാരോടു കൂടുതല്‍ അരമുറുക്കാന് കിം ആവശ്യപ്പെടുമ്പോള്‍, നേതാവിനു ശരീരഭാരം കുറയുന്നത് രാഷ്ട്രീയപരമായും ബുദ്ധിപരമായ നീക്കമാണ്.
ജൂണില്‍, കിം തന്റെ രാജ്യത്തെ കാര്‍ഷിക മേഖലയിലെ വര്‍ധിച്ചുവരുന്ന പ്രതിസന്ധിയെ അഭിസംബോധന ചെയ്തുകൊണ്ട് സാഹചര്യം അല്പം സമ്മര്‍ദം നിറഞ്ഞതാണെന്ന് അറിയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തെത്തുടര്‍ന്ന് ആഭ്യന്തര ഭക്ഷ്യ ഉല്പാദനം ഇടിഞ്ഞു. ഒരു യുദ്ധത്തിനു സമാനമായ പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.