ന്യൂഡല്‍ഹി: പുരാനി നംഗൽ ഗ്രാമത്തിൽ ഒമ്പതു വയസുകാരിയായ ദലിത് വിഭാഗത്തിൽപ്പെട്ട പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ പോലീസിനെതിരേ ഗുരുതര ആരോപണങ്ങളുമായി കുടുംബം.
പരാതി നല്‍കാനെത്തിയ തന്നെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും പോലീസ് തെളിവ് നശിപ്പിച്ചെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു.
മകളുടെ മൃതദേഹം തങ്ങളുടെ അനുവാദമില്ലാതെ സംസ്കരിക്കുന്നത് തടയാൻ പോലീസ് തയാറായില്ല. ചിത വെള്ളമൊഴിച്ചുകെടുത്താനുള്ള നാട്ടുകാരുടെ ശ്രമം പോലീസ് തടഞ്ഞു.
കേസിലെ പ്രതികളെ പോലീസ് സഹായിച്ചെന്നും ഷോക്കേറ്റാണ് മകൾ മരിച്ചതെന്ന് പറയാൻ തങ്ങളെ നിർബന്ധിച്ചെന്നും കുടുംബം ആരോപിക്കുന്നു.
ഡൽഹി കന്റോണ്‍മെന്റിനോടു ചേർന്ന പുരാന നംഗൽ ഗ്രാമത്തിലെ ശ്മശാനത്തിന് സമീപം താമസിക്കുന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ വീടിനോട് ചേർന്നുള്ള ശ്മശാനത്തിലെ കൂളറിൽ നിന്നു തണുത്ത വെള്ളം എടുക്കാൻ പുറത്തേക്കു പോയ പെണ്‍കുട്ടി പിന്നീട് തിരിച്ചെത്തിയില്ല.
ആറു മണിയായപ്പോൾ ശ്മശാനത്തിലെ പൂജാരി രാധേ ശ്യാം പെണ്‍കുട്ടിയുടെ അമ്മയുടെ അടുത്തെത്തി കുട്ടി കൂളറിൽ നിന്നു ഷോക്കേറ്റ് മരിച്ചെന്ന് പറഞ്ഞു.
എന്നാൽ, പെണ്‍കുട്ടിയുടെ കൈത്തണ്ടയിലും മറ്റും മുറിവുകളും പാടുകളുമുണ്ടായിരുന്നു. ചുണ്ടുകൾ നീലിച്ചിരുന്നതായും കണ്ടെത്തി.
പൂജാരി രാധേ ശ്യാമും കൂട്ടാളികളും പെണ്‍കുട്ടിയുടെ കുടുംബത്തോട് പോലീസിൽ വിവരം അറിയിക്കരുതെന്നു ശഠിച്ചു.
കേസ് കൊടുത്താൽ പോസ്റ്റുമോർട്ടം നടത്തുമെന്നും കുട്ടിയുടെ അവയവങ്ങൾ മോഷ്ടിച്ചെടുക്കുമെന്നും ഇവർ പറഞ്ഞു വിശ്വസിപ്പിച്ചു.
പിന്നീട് പെണ്‍കുട്ടിയുടെ അമ്മയുടെ അനുവാദമില്ലാതെ മൃതദേഹം ദഹിപ്പിച്ചു. അതോടെ സ്ത്രീ ബഹളംവച്ചു ഭർത്താവിനെ വിളിച്ചു വരുത്തിയെങ്കിലും പൂജാരിയും കൂട്ടാളികളും ചേർന്ന് ഇയാളെ മർദിക്കുകയും ചെയ്തു.
അതോടെ നാട്ടുകാർ തടിച്ചു കൂടി പോലീസിനെ അറിയിക്കുകയായിരുന്നു. അതോടെ പൂജാരിയെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു.
ശ്മശാനത്തിലെ പൂജാരി രാധേ ശ്യാം, സഹായികളായ ലക്ഷ്മി നാരായൺ, കുൽദീപ്, പ്രദേശവാസി സലിം എന്നിവരാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ മാതാവ് ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്കെതിരെ കൊലപാതകക്കുറ്റവും തെളിവ് നശിപ്പിക്കലും പോക്സോ കുറ്റവും ചുമത്തിയിട്ടുണ്ട്.