അന്തിക്കാട്: മുക്കുപണ്ടം പണയം നൽകി കാരമുക്ക് സർവീസ് സഹകരണ ബാങ്കിൽ നിന്നും 36.57 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയെ അന്തിക്കാട് പൊലിസ് അറസ്റ്റു ചെയ്തു.കണ്ടശാംകടവ് സ്വദേശി തേക്കാനത്ത് വീട്ടിൽ ആന്റോ (49)യേ യാണ് പോലീസ് ഗുരുവായൂരിൽ നിന്നും പിടികൂടിയത്.
ബാങ്കിന്റെ പടിയം ബ്രാഞ്ചിൽ സ്വർണപണ്ടം പണയ ഉരുപ്പടികളുടെ പരിശോധനയുടെ ഭാഗമായി അപ്രൈസർ നടത്തിയ സൂക്ഷ്മ പരിശോധനയിൽ ബാങ്കിന്റെ 7230 നന്പർ അംഗമായ ഇയാൾ സ്വർണാഭരണത്തിനു പകരം വ്യാജ സ്വർണം പണയപ്പെടുത്തി 22 തവണകളായി36,57,000 രൂപ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു.
ബാങ്ക് പരാതി നൽകിയതിനെ തുടർന്ന് പോലിസ് അന്വേഷണം തുടങ്ങിയതോടെ ഇയാൾ ഒളിവിൽ പോയി. അന്തിക്കാട് പോലീസ് ഇൻസ്പക്ടർ പ്രശാന്ത് ക്ലിന്റ്, എസ്ഐ എ.കെ.ശ്രീജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.ബി. ഷറഫുദ്ധീൻ, സി.എൽ. സജയൻ, വി . എ. മാധവൻ, എന്നിവർ ദിവസങ്ങളായി നടത്തി വരുന്ന അന്വേഷണത്തിനിടയിൽ കഴിഞ്ഞദിവസം രാത്രിയാണ് പ്രതി അറസ്റ്റിലായത്.
ഗുരുവായുരിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് പ്രതി പിടിയിലായത്.പോലിസ് അന്വേഷിക്കുന്നത് ശ്രദ്ധയിൽ പെട്ട ഇയാൾ മൊബൈൽ സ്വിച്ച് ഓഫാക്കി ഒളിവിൽ പോയി.പ്രതിയെ പിന്തുടരാനുള്ള പഴുതുകൾ തേടിയ പോലിസ് ഇയാൾക്ക് ഒളിത്താവളം ഒരുക്കിയ സുഹൃത്തിനെ കുടുക്കിയതോടെയാണ് പ്രതിയിലേക്ക് എത്താനായത്.
ബാങ്കിന്റെ നഷ്ടപ്പെട്ട സംഖ്യ പിടിച്ചെടുക്കുന്നതിനായി ആന്റോ ഉൾപ്പടെയുള്ളവരുടെ വസ്തുവഹകൾ ഈടായി സ്വീകരിച്ച് ഗഹാൻ ചെയ്ത് വായ്പ നൽകുകയും പണ്ടത്തിന്റെ മുതലും പലിശയും അടക്കം 37,34,633 രൂപ ബാങ്ക് വസൂലാക്കുകയും ചെയ്തിരുന്നു.