ജോജി തോമസ്
നെന്മാറ : ലോട്ടറിയടിച്ചു ഏഴുമാസം പിന്നിട്ടിട്ടും ഒരുകോടിരൂപ എന്നുകിട്ടുമെന്നറിയാതെ ഇവിടെയൊരാൾ.ഇക്കഴിഞ്ഞ ജനുവരി മൂന്നിന് നറുക്കെടുത്ത സംസ്ഥാന സർക്കാരിന്റെ ഭാഗ്യമിത്ര ലോട്ടറിയുടെ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് അയിലൂർ പട്ടുകാട് സ്വദേശി മണിയ്ക്കാണ്.
ഫലംവന്നു ഏഴുമാസം കഴിഞ്ഞിട്ടും സംസ്ഥാന സർക്കാരിന്റെ സമ്മാനത്തുക കിട്ടാതെ വെട്ടിലായിരിക്കുകയാണ് മണി.
ഒന്നാം സമ്മാനം ലഭിച്ചത് അറിഞ്ഞ ഉടൻ ടിക്കറ്റുമായി സമീപത്തുള്ള സഹകരണ ബാങ്കിൽ ടിക്കറ്റും മറ്റു രേഖകളും സമർപ്പിച്ചെങ്കിലും ദിവസങ്ങൾക്കകം പ്രാഥമിക സഹകരണ സംഘങ്ങൾക്ക് സമ്മാനത്തുക കൈപ്പറ്റാൻ സാങ്കേതിക ബുദ്ധിമുട്ടുള്ളതിനാൽ ടിക്കറ്റ് തിരിച്ചുനൽകി.
കേരള ബാങ്ക് നെന്മാറ ശാഖയിൽ സമർപ്പിച്ചു. ആവശ്യപ്പെട്ട രേഖകളും മറ്റും ഏറെ ബുദ്ധിമുട്ടി സംഘടിപ്പിച്ച് നൽകിയെങ്കിലും നാളിതുവരെയും സമ്മാനത്തുക ലഭിച്ചില്ല.നിരന്തരമായി ബാങ്കുകാരുമായി ബന്ധപ്പെട്ടെങ്കിലും ഓരോ സാങ്കേതിക കാരണങ്ങൾ പറയുന്നതെന്ന് മണി പരാതി പറയുന്നു.
തിരുവനന്തപുരത്തുള്ള ലോട്ടറി ഡയറക്ടറേറ്റ് ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ഉടൻ സമ്മാന തുക അനുവദിക്കുമെന്ന് പറയുന്നുണ്ടെങ്കിലും എന്നു കിട്ടുമെന്നു ഉറപ്പില്ല.ലോട്ടറി സമ്മാനത്തുക തുക പ്രതീക്ഷിച്ച് പ്രാഥമിക സഹകരണ സംഘം 50,000 രൂപ വായ്പ നൽകിയത് തിരിച്ചടവിനായി നോട്ടീസ് വന്നു തുടങ്ങി.
ലോട്ടറി സമ്മാനം ലഭിച്ചതിനെത്തുടർന്ന് മകളുടെ വിവാഹം നിശ്ചയിച്ചുവെങ്കിലും തീയതി അടുക്കാറായി തുക ലഭിക്കാത്തതിനെ തുടർന്ന് വിവാഹം മുടങ്ങേണ്ട സ്ഥിതിയിൽ ആയിരിക്കുകയാണ്.പ്രായാധിക്യവും ഹൃദ് രോഗിയുമായ അമ്മയുടെ ചികിത്സക്കായുള്ള ചെലവിനുള്ള തുകപോലും കൈയിലില്ലാത്ത സ്ഥിതിയിലാണ്.
ഒരു കോടി വായ്പ ലഭിച്ച ആൾ എന്ന നിലയിൽ കൈവായ്പ പോലും ലഭിക്കുന്നില്ല. നേരത്തെ ചെയ്ത കൂലിപ്പണിക്ക് ആരും വിളിക്കാത്ത സ്ഥിതിയായി.പ്രാദേശികമായി ആരും സഹായിക്കാനില്ലാതെ കടബാധ്യതകൾ തീർക്കാനോ വീടെന്ന സ്വപ്നം നടപ്പാക്കാനോ കഴിയാത്ത ലോട്ടറി കോടീശ്വരൻ എന്ന വിളിപ്പേരുമായി മണി ജീവിതം തള്ളിനീക്കുകയാണ്.